ജാലകം

ജാലകം

Tuesday 23 July 2013

ഒറ്റ മൈന...




നിങ്ങളുടെ വീട്ടുമുറ്റത്തും വരാറുണ്ടാവും
ഒറ്റമൈന......

തീര്‍ച്ചയായും
അവളെ ആട്ടിപായിപ്പിക്കണം.
കവര്‍ച്ചകാരിയാണല്ലോ?
ഒരു ദിവസത്തെ സന്തോഷം മുഴുവന്‍
അവള്‍
കവര്‍ന്നെടുത്തല്ലോ.

മകന്‍റെ കാലുകളില്‍
നീ
ചുട്ടുപഴുപ്പിച്ച ചട്ടുകം
അപ്പോഴും ചിത്രം വരയ്ക്കുന്നുണ്ടാവാം

തെരുവില്‍
നിന്‍റെ
സഹോദരി നഗ്നമാകുന്നുണ്ടാവാം 

അയല്‍ക്കാരന്‍
ഇന്നും
പട്ടിണിയായിരിക്കാം..

അവളെ
ഒരിക്കലും
വെറുതെ വിടരുത്
എല്ലാറ്റിനും
കാരണം
അവളാണ്
ഒറ്റമൈന..

Friday 28 June 2013

ആരാച്ചാര്‍......

        
           മീരയെ പോലെ ഞാന്‍ പിന്തുടരുന്ന മറ്റൊരു നവതലമുറ എഴുത്തുകാരിയില്ല ...മീരയുടെ ഒരു കഥ കൂടി ഇന്നു ഞാന്‍ വായിച്ചിരുന്നെങ്കില്‍ അവരുടെ അടിമയായി ഞാന്‍ മാറിയേനേ. വായനക്കാരന്‍ കഥകളിലേക്കിറങ്ങുമ്പോള്‍ അതിലേക്ക് പൂര്‍ണ്ണമായും  അലിയേണ്ടത് തന്നെയാണ്. അത്തരമൊരു ഘട്ടത്തിലാണ് പുറത്തേക്കുള്ള വഴികള്‍ എനിക്കന്യമാക്കി അവരുടെ സംഹാരതാണ്ഡവം....
         ആരാച്ചാര്‍ക്ക് മരണത്തിന് ഗന്ധമായിരിക്കും.. ഒരു ആരാച്ചാരെയും നേരിട്ട് കണ്ടില്ലെങ്കില്‍ കൂടി നമുക്കത് ഊഹിക്കാം.. അനുഭവിച്ചറിയണമെങ്കില്‍ മീരയുടെ 'ആരാച്ചാര്‍' തന്നെ വായിക്കണം... ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്‍റെ ഇരകളാക്കുന്നു എന്നു കാണിച്ചു തരികയാണ് എന്നു ഡി സി ക്കാര്‍ പുറം ചട്ടയില്‍ പറയാനും ,സ്ത്രീവാദപരമായ ഒരു വിശകലനത്തില്‍ ബോധപൂര്‍വ്വം വിട്ടു നില്‍ക്കാന്‍ ശ്രമിയ്ക്കും തോറും അതിലേക്കു തന്നെ ഏതൊരു വായനക്കാരിയെയും കുരുക്കിയിടുന്നു എന്നത് തന്നെയാണ് ഈ കൃതിയുടെ വിജയം എന്നു 'സംഘടിത'യില്‍  ഉഷാകുമാരി ചേച്ചിയെഴുതാനും കാരണം ...ഒരു പാട് തലങ്ങളിലൂടെ വിഭിന്നദിശകളിലൂടെ സഞ്ചരിക്കുന്ന ഈ നോവലിന്‍റെ ബഹുസ്വരതയാണ്... 

                          കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലെഴുതപ്പെട്ട ഈ നോവല്‍   വായനക്കാരനെ പിടിച്ചുനിര്‍ത്തുന്നു... അപരിചതമായ പ്രമേയവും എഴുത്തിലൂടെ മാത്രം കണ്ട കൊല്‍ക്കത്തയുടെ പരിചയതയും മീരയുടെ അസാമാന്യ രചനാ പാടവും ഒത്തു ചേരുമ്പോള്‍ രണ്ടായിരത്തി പന്ത്രണ്ടിലെ മാത്രമല്ല നോവല്‍ചരിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണിത്...  "ആരുടെയെങ്കിലും മരണം എല്ലാവര്‍ക്കും ആവശ്യമുണ്ട് - സ്വന്തം അധികാരം അടയാളപ്പെടുത്താന്‍ "... അധികാര കേന്ദ്രങ്ങളുടെ  അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്നവന് ശരിയും തെറ്റും തിരിച്ചറിയാനാവാതെ പകച്ചു നില്‍ക്കുമ്പോള്‍ വ്യവസ്ഥയെ ആധാരമാക്കി തെറ്റും ശരിയും ചൂണ്ടി കാണിക്കുന്ന ഭരണകൂടവും നീതിപീഠവും..  തൂക്കുക എന്ന കര്‍മ്മം മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ... നിര്‍ദേശിക്കുന്നത് കോടതിയാണ്..ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെയെന്നു  ചേതന വാക്കുകളിലൂടെ കാണിച്ചു തരുന്നു .. നിങ്ങള്‍ക്ക് ചേതനയെ ഭാരത സ്ത്രീത്വത്തിന്‍റെയും സ്വാഭീമാനത്തിന്‍റെയും പ്രതീകമായി കാണാം എങ്കിലും അവള്‍ ജനിച്ചു വീണ മണ്ണില്‍ ജീവിതം വരയ്ക്കാന്‍ കെല്‍പ്പില്ലാതെ വരയ്ക്കപ്പെട്ടവരായി മാത്രമിരിക്കുന്ന ജീവിതങ്ങളുടെ പ്രതീകമാണ്...

                 വര്‍ത്തമാനങ്ങള്‍ ഇന്നലെയുടെ തുടര്‍ച്ചയാണ്‌..,...  നോവലിന്‍റെ  സഞ്ചാരത്തില്‍ ചരിത്രത്തിനുള്ള പങ്കു നിസ്സാരമല്ല...ഉപകഥകളിലൂടെ വെളിയില്‍ വരുന്നവര്‍ ഇന്നിന്‍റെ ലോകത്ത്‌ അന്നത്തേക്കാള്‍ ശക്തിയായി ഇടപ്പെടുന്ന കാഴ്ച അതിമനോഹരമാണ്..  ക്രിസ്തുവിനും നാന്നൂറ്റി ഇരുപതു കൊല്ലം പിറകിലുള്ള വേരുകളിലൂടെ പിങ്കളകേശിനിയും അശോകനും നേതാജിയും പിന്നീട് ഗംഗയിലെ വഴുക്കലുള്ള ജലകണികകള്‍പോലെ കാലത്തിന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു കറുത്തമണ്ണില്‍ ലയിച്ചു ചേര്‍ന്ന സുല്‍ത്താന്‍മാരും നമുക്ക് മുന്നിലൂടെ നടന്നു നീങ്ങുന്നു. അവയിലൂടെ ലോകത്തിന്‍റെ ഗതിവികാസങ്ങളെ വ്യക്തിപരമായ ചരിത്രങ്ങളില്‍ നിന്നും സാമൂഹികപരമായ ചരിത്രങ്ങളുടെ പട്ടികയിലേക്ക് അവ പോകുന്നു....
 പൊളിച്ചെഴുതപ്പെടേണ്ടവയുടെ മുഖത്ത് നോക്കി ചിരിക്കുകയും അവ വലിച്ചു കീറപ്പെടേണ്ടവയെന്നു നമ്മെ ഓര്‍മ്മിപ്പിക്കാനും ചേതനയുടെ സംഭാഷണങ്ങള്‍ക്ക് കഴിയുന്നു,,...  

                      സമകാലീനയിലൂടെ ഒഴുകുന്ന കഥക്ക് സഞ്ജീവ് കുമാര്‍ മിത്ര അത്യന്താപേക്ഷിതമായ ഒരു കഥാപാത്രമാണ്... റേറ്റിംഗിനായി കസറത്തുകള്‍ സാധാരണമാകുമ്പോള്‍ സന്ജീവ് അതിസാധാരണമായി പോകാം,..  "സുഗന്ധമെന്തെന്നറിയില്ലെങ്കില്‍ സ്നേഹത്തിന്‍റെ പൂന്തോപ്പില്‍ പ്രവേശിക്കാതിരിക്കുക" റൂമിയുടെ പ്രണയമല്ല ഉപഭോഗസമൂഹത്തിന്‍റെ പ്രണയം അവ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമായ വാക്കുകളിലോ  ശാരീരികമായോ നിര്‍മ്മിക്കപ്പെട്ട ഒന്നു   മാത്രമാണ്‌,. 
" നിന്നെ ഒരിക്കലെങ്കിലും എനിക്കനുഭവിക്കണമെന്നു" രഹസ്യമായ പറയുന്ന അവന്‍ ഉഷാകുമാരി  പറയുന്നത് പോലെ ഭീരുവല്ല .സമൂഹം അവളോട്‌ ഉച്ചത്തില്‍ പറയുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍  മാത്രമാണ് അവന്‍ നടത്തുന്നത് ... അവിടെ അയാള്‍ ആരുടെയോക്കെയോ പ്രതിനിധിയായി മാറുന്നു.. ചേതന അവനില്‍ പ്രണയം തേടാനും അതൊരു കാരണമായേക്കാം 


                      "ഒരേ സമയം സുനിശ്ചിതവും അനിശ്ചിതവുമായ പ്രതിഭാസമാണ് മരണം".... മരണത്തെ നിര്‍വചിക്കാന്‍ നാനൂറ്റി അന്‍പത്തിയൊന്നു പേരെ തൂക്കുകയും അതിലേറെ മരണങ്ങളുടെ സഞ്ചാരം നീം തല ഘട്ടില്‍ കാണുകയും ചെയ്ത ഫണിഭൂഷണ്‍  ഗൃദ്ധാ മല്ലിക്കിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ല...അയാളെ പോലെ നമ്മളും മരണത്തിന്‍റെ നിര്‍വചനങ്ങള്‍ തേടികൊണ്ടിരിക്കും...

                       ആരാച്ചാര്‍ ഒരു സ്ത്രീപക്ഷ രചനയാണോ എന്നു ചോദിച്ചാല്‍ എനിക്ക്മറുപടിയുണ്ടാകില്ല..മുന്‍പ് പറഞ്ഞ ബഹുസ്വരത ഒരു കാരണമായേക്കാം. "പുരുഷന്‍റെയും കുഞ്ഞുങ്ങളുടെയോ ആടയാഭരണങ്ങളുടെയോ പേരിലല്ലാത്ത ആനന്ദം സാധ്യമാണെന്ന്   വിശ്വസിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത ഒരു സമൂഹം നമുക്കു പുറകിലുണ്ടായിരുന്നു... അന്നപൂര്‍ണ്ണയിലും ഉണ്ടായിരുന്നു ഒരു നിശബ്ദ പോരാട്ടം...


                        ഉപകഥകളുടെ ആധിക്യം നോവലിന്‍റെ മുന്നോട്ടുള്ള വായനയെ സുഗമമാക്കുന്നില്ല എന്നു ചെറുതായ വിമര്‍ശനം ഇവ നേരിടുന്നുണ്ടെങ്കിലും "കണ്ണിന്‍ മുന്നില്‍ കാണുന്നതെല്ലാം ആവര്‍ത്തങ്ങളാണെന്നു" പറഞ്ഞുകൊണ്ടു മാനെദൊ അതിനു മറുപടിയും നെയ്യുന്നു... 

       " ജോഡി തോര്‍ ഡാക് ഷുനെ കേവു ന അഷെ തോബെ ഏക്‌ല ഛലോരെ" നിന്‍റെ വിളി കേട്ടു ആരും വരുന്നില്ലെങ്കില്‍ തനിച്ചു തന്നെ പോവുക.... ടാഗോറിന്‍റെ വരികള്‍ ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു.ഈ നോവലിനെ കുറിച്ച് പറയാന്‍ ഇനിയും ഒരുപാട് ബാക്കി. വായിക്കപ്പെട്ട നോവലിലേക്ക് ഒരു പേരു കൂടി ആരാച്ചാര്‍.,. അവ സമ്മാനിച്ച നല്ല അനുഭവങ്ങളുമായി ഒരു പുതിയ രചനയെ  കാത്തിരിക്കുന്നു..

Saturday 15 June 2013

മീരാ സാധു

   മീരാ സാധു
   നോവല്‍
   കെ ആര്‍ മീര
   സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം  



      മീരയുടെ ഒരു നോവല്‍ വായിക്കണമെന്ന ആഗ്രഹവുമായാണ് 'ആരാച്ചാര്‍' മേടിച്ചു വെച്ചത്.. സമയകുറവും പുസ്തകത്തിന്‍റെ വലുപ്പവും അതിനെ പിന്നീട് വായിക്കാനായി വച്ച ആ ഇടവേളയിലാണ് 'മീരാ സാധു' എന്ന കേവലം അന്‍പതു പേജുകള്‍ മാത്രമുള്ള മീരയുടെ തന്നെ ഒരു കുഞ്ഞു നോവല്‍ യാദൃചികമായി കൈയ്യില്‍ കിട്ടുന്നത്.. 'കുഞ്ഞു' എന്ന പ്രയോഗം ആ നോവലിന്‍റെ ആഖ്യാനമനോഹാരിതയെ ഒട്ടും ചെറുതാക്കി കാണിക്കുന്നില്ല. പ്രസാധകകുറിപ്പില്‍ സൂചിപ്പിക്കുനത് പോലെ ഉദാത്തമായ ശില്‍പ്പഭദ്രതയാണ് മീരയുടെ രചനകളെ വ്യത്യസ്തമാക്കുന്നത്.
        

        തല മൊട്ടയടിച്ചു പിച്ചതെണ്ടി വൃന്ദാവനത്തില്‍ ജീവിക്കുന്ന പതിനായിരം സ്ത്രീകളിലൊരുവളുടെ കഥയല്ല. മറ്റു മീരാസാധുക്കളില്‍ നിന്നും വ്യത്യസ്ഥയുമാണു തുളസി. മാധവനെ  അഗാധമായി പ്രണയിക്കുന്ന തുളസി. അയാളുടെ പ്രണയം അവള്‍ക്ക് മാത്രം സ്വന്തമല്ല  എന്നു തിരിച്ചറിഞ്ഞിട്ടും അവള്‍ അയാളില്‍ കൂടുതല്‍ അലിയുന്നു... തനിക്ക് അയാളെ എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ പോകുകയെന്നു മനസ്സില്ലാക്കിയ അവള്‍ അയാളോടൊപ്പം ഒരു രാത്രി ശയിക്കുകയും പിന്നീട് വിഷം കൊടുത്ത് കൊന്ന തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍ അയാള്‍ക്ക്‌ കാട്ടികൊടുത്തു പ്രതികാരം വീട്ടുകയും ചെയ്യുന്നു. കുറുപ്പ് സാര്‍ പറഞ്ഞത് പോലെ ഈ നോവലില്‍ മീരയുടെ എഴുത്തിന്‍റെ ശക്തി വിളിച്ചോതുന്ന ഒന്നായിരുന്നു കുട്ടികള്‍ക്ക് വിഷം കൊടുക്കുന്ന രംഗം... നോവലുകളുടെ വലുപ്പമല്ല വായന തരുന്ന സുഖമാണ് അവയെ മനോഹരമാക്കുന്നത്.. 

          വായിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ മറവിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കഥകളില്‍ ഇവയും പെടുമായിരിക്കും. അഗാധമായ പ്രണയങ്ങളില്‍ ജീവിതം ജീവിക്കുന്ന തുളസിയും എവിടെയോക്കെയുള്ള മാധവന്മാരും... വിനയന്മാരും അപ്പോഴും  ചിതല്‍പുറ്റുകളെ അതിജീവിച്ചു ഇവിടെയൊക്കെ അലഞ്ഞുതിരിയുമായിരിക്കും .... 

               

Monday 3 June 2013

മുറിവുകള്‍

വേരുകളിലൂടെയൊഴുകുന്ന രക്തം
ഇലകള്‍ക്കന്യമായതെങ്ങനെ

കാന്‍വാസിലെ കടുംനിറങ്ങളില്‍
കവിതയിലെ അപൂര്‍ണ്ണതകളില്‍
ഒരു തുറിച്ചുനോട്ടത്തില്‍
നിനക്കൊരുത്തരമുണ്ടാകും 

തിരികെ നടക്കുമ്പോള്‍ 
മഴയോടൊപ്പം അവനെയും
ഞാനെടുക്കട്ടെ...
വിശപ്പെനിക്കെനി പണ്ടത്തെപ്പോലെയാവില്ലൊരിക്കലും.. 


മുറിവുകളുടെ ആഴത്തില്‍ പതിഞ്ഞ ചുംബനങ്ങളില്‍
നിന്‍റെ പ്രണയം ...

വഴിമാറുകയല്ല
വഴികള്‍ തേടുകയാണ്....



.




Sunday 21 April 2013

മിണ്ടാതിരിക്കാന്‍.... വയ്യ,....


ഉണരുമ്പോള്‍
അവളോടുപറയണം അവള്‍ക്കൊരു ചേട്ടനുണ്ടായിരുന്നെന്ന്..
പറയാന്‍ മറന്ന കഥകളും
കളിക്കോപ്പുകളും 
ഒരുമ്മയും
കുഞ്ഞുകൈകള്‍ക്കരികില്‍ വെച്ചു...



ചോരപടര്‍ന്നൊഴുകിയ
വഴിത്താരകളില്‍
എനിയും വിങ്ങലുകള്‍
പൊട്ടിമുളക്കാതിരിക്കാന്‍
അവനും നിഴലും
ചോദ്യംചെയ്യപെടലുകളായി
തെരുവിലും 
മണ്ണിലും 
കടലിലും....

Monday 8 April 2013

ലെവിനിയോസ്‌

       

         ക്ഷരങ്ങള്‍ കുനുകുനെയുറങ്ങുന്ന വരികള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനാവാതെ അവളിലെ പ്രണയം വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. ഉറക്കച്ചടവില്‍ അയാളുപേക്ഷിച്ച കോമയിലൂടെ അവള്‍ പതുക്കെ താഴെയിറങ്ങി. അലമാരയിലെ പൊടിപിടിച്ച ഡപ്പിയില്‍നിന്നും ചുവന്നമഷിയും വഴിതേടികൊണ്ടിരിക്കുകയായിരിന്നു.
        

       ഇരുട്ടായിരിന്നിട്ടും തങ്ങളിലെ രണ്ടാമന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത് അവരെ സ്വല്‍പ്പംപോലും അത്ഭുതപ്പെടുത്തിയില്ല.  'ഡിസിഷന്‍ മേയ്ക്കിംഗ് തിയറി'യുടെ സാധ്യതയിലൂടെ എത്രകഥകള്‍ ഞങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി . ചുവന്നമഷി ഒഴുക്കിന്‍റെ ആവേശത്തില്‍ മതിലുകളും,വയലുകളും മലകളും കടന്ന് കുതിച്ചുകൊണ്ടിരിക്കുന്നു. ഒരു നിമിഷം അമാന്തിച്ചെങ്കിലും പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതുവരെ അവളും  അവനെ പിന്തുടര്‍ന്നു.

         ലെവിനിയോസ്‌ തൊടുത്തുവിട്ട പുകച്ചുരുളുകളില്‍ നിശബ്ദനായ രാത്രി വിടവാങ്ങുകയാണ്. ഡോര്‍ബെല്ലിന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്ന അയാള്‍ കണ്ടത് കറുത്ത കട്ടി കണ്ണട ഒരു വൃദ്ധനെയായിരുന്നു.
        
      'സെര്‍ ഞാന്‍ ശരണ്‍ പറഞ്ഞയച്ചിട്ടു വന്നതാ. മാറ്റര്‍ കിട്ടിയാല്‍ സൌകര്യമായിരിന്നു".
          
      ലെവി മൂക്കൊന്നു പിഴിഞ്ഞു,ദേഷ്യം കടിച്ചമര്‍ത്തി പറഞ്ഞു "അതു ഞാന്‍ തന്നെയെത്തിച്ചോളാം".

          എന്തോ പറയാനായി ആ വൃദ്ധന്‍ കൈയ്യുയര്‍ത്തിയെങ്കിലും അടഞ്ഞു വീണ വാതിലുകള്‍ അയാളെ തുറിച്ചു നോക്കി. 

     ശരണിനെ ഫോണില്‍ ചീത്തവിളിക്കുന്നതിനോടൊപ്പം അയാള്‍ ഒരു സിഗരിറ്റിനു കൂടി തീകൊടുത്തിരുന്നു.


        ശരണ്‍.. സി മൊയ്തു, നഗരത്തില്‍ ലെവിനിയോസിനുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരനായിരുന്നു,. സുഹൃത്ത്‌ എന്ന പ്രയോഗം തന്നെ തെറ്റാവാം, ലെവിക്കു മറ്റൊരു പേരും ലോകവുമുണ്ടെന്നറിയുന്ന ഒരേയൊരാള്‍.,.

        പരിചിതമായ ഇടങ്ങളിലെ എഴുത്തുകള്‍ക്ക് ജീവനുണ്ടാവും. പ്രതീക്ഷകളും പ്രത്യാശകളുമുണ്ടാവും. നിലച്ചുപോയതിന്‍റെ അവസ്ഥകള്‍ പൂപ്പലുകളുടെ അഭയസ്ഥാനമാണ്. ലെവിനിയോസ്‌ വിവര്‍ത്തനങ്ങളിലൂടെ സ്വയം പൂപ്പലായി മാറുകയായിരിന്നു. കണ്‍മുമ്പിലുള്ളവയെ പേനതുമ്പുകളില്‍ നിന്നടര്‍ത്തിമാറ്റി അവനറിയാത്ത റഷ്യയിലെ തെരുവുകളില്‍ ലാറ്റിനമേരിക്കയിലെ വീടുകളില്‍ അന്തിയുറങ്ങി, ഭോഗിച്ചു, കാഷ്ടിച്ചു, പ്രണയിച്ചു...

      ആരും വഴിമാറാന്‍ പറഞ്ഞില്ല. പുതിയ ഇടങ്ങളില്‍  ഭ്രാന്തനെ പോലെയലയാന്‍  കഴിഞ്ഞില്ല. ചങ്ങലകള്‍ മുറുകി പഴുത്തു വ്രണമായിമാറുമെന്നവന്‍ ഭയന്നു. 

     ലോകത്തെ നഗ്നമാക്കുന്ന പുതുമയുടെ കണ്ണുകള്‍.,. അവരുടെ ചിറകായിരിക്കണം... ഒഴുകുന്ന സ്വാതന്ത്ര്യമാകണം.. 'ലൈവി'ന്‍റെ ആദ്യപുസ്തകം. ശരണ്‍ പുതിയ പബ്ലിക്കേഷന്‍ ആരംഭിക്കുമ്പോള്‍ ആഗ്രഹിച്ചതിതാണ്. അന്ധകാരം അറുത്തുമാറ്റപ്പെടുമ്പോള്‍ പൊട്ടുന്ന ചങ്ങലകള്‍ ഒന്നു ലെവിനിയോസിന്‍റെതാവണമെന്നു അയാള്‍ തീവ്രമായി ആഗ്രഹിച്ചു.

     ശരണിനോട് ദേഷ്യപ്പെട്ടത് ശരിയായില്ലെന്നു ലെവിക്കു പിന്നീടു തോന്നി.അയാള്‍ ഒരിക്കലും അത്തരത്തില്‍ ട്രീറ്റ് ചെയ്യപ്പെടേണ്ട ഒരു വ്യക്തിയല്ല. ആ വൃദ്ധന്‍റെ കട്ടി കണ്ണടയാണ് തന്നെ  ദേഷ്യപ്പെടുത്തിയത്. അതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന കണ്ണുകള്‍ ഭയപ്പെടുന്നതെന്തിന്. കൃത്യമായ ഉത്തരമില്ല. അപ്രശസ്തമായ റഷ്യന്‍ കഥകളില്‍ കട്ടികണ്ണടകള്‍ പ്രതിനിധാനം ചെയ്യുന്ന ചതിയും വഞ്ചനയും. കഥാകാരന്‍മാരുടെ കൂട്ടായ ശ്രമങ്ങളില്‍ രൂപപ്പെട്ടതെന്നു തെറ്റുധരിക്കുന്ന ബിംബകല്‍പ്പനകള്‍ എന്‍റെ സ്വാഭാവിക ഇടപെടലുകളില്‍ പങ്കുകൊള്ളുന്നതിനെ ഭ്രാന്ത്‌ എന്നു തന്നെ വിളിക്കാം.
        

        ഭ്രാന്തമായ അവസ്ഥയില്‍ നിന്നു മാത്രമല്ല യാന്ത്രികതയില്‍ നിന്നും മോചനം തേടണം. തന്‍റെ പഴയ പേരു ചികഞ്ഞെടുക്കാന്‍ അയാള്‍ ഒരു വിഫല ശ്രമം നടത്തുകയും ചെയ്തു. പുതിയ ഒന്നു തിരഞ്ഞെടുക്കണം. പേരു തന്നെ അനാവശ്യമായി തോന്നാറുണ്ട്. അച്ഛനോ അമ്മയോ കാമുകിയോ ഇല്ലാത്ത അയാള്‍ക്ക്‌ പുസ്തകങ്ങളില്‍ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ഒന്നാണ് പേരുകള്‍.

          അയാള്‍ ആദ്യമായി വിവര്‍ത്തനം ചെയ്ത 'രണ്ടു പിതാക്കന്‍മാര്‍' അതിലെ ഒരു പിതാവ് സന്തോഷം വരുമ്പോള്‍ ചൂണ്ടയുമായി മീന്‍പിടിക്കാനിറങ്ങുമായിരുന്നു. ഭൂതകാലവുമായി വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ലെവിനിയോസ്‌ കൂടെകൊണ്ടുവരാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച ഇതൊന്നുമാത്രമായിരുന്നു. ലെവി അത്താഴത്തിനു ക്ഷണിച്ചപ്പോള്‍ ശരണ്‍ തിരക്കിലായിരുന്നു. എങ്കിലും അയാള്‍ 'നോ'യെന്നു പറഞ്ഞില്ല.
         
          സന്ധ്യയോടെ എഴുത്തുമുറിയിലേക്ക് ലെവിചെന്നു. പേപ്പറുകള്‍ താഴെ വീണു കിടക്കുന്നു. മഷികുപ്പിയും. പൂച്ചയുടെ പണിയായിരിക്കും. ലെവിനിയോസിനിത് നിസ്സാരമായിരിക്കാം  പക്ഷെ തനിക്കിത് നിസ്സാരമല്ല. അവന്‍ പതുക്കെ അതൊക്കെ അടുക്കി വെച്ചു. എഴുതികൊണ്ടിരുന്ന കഥ ഒന്നുകൂടി വായിച്ചു നോക്കി. ഛെ ഇവളെന്താ ഇങ്ങനെ? നീയിങ്ങനെ ആയാല്‍ മതിയാവില്ല. പ്രണയവും വിപ്ലവവും വേണം. അയാള്‍ എഴുതാന്‍ തുടങ്ങി.  അക്ഷരങ്ങള്‍ കരയുന്നു. പതുക്കെ അതൊരു കൂട്ടനിലവിളിയായി. കൈകള്‍ വിറക്കുന്നു.വിയര്‍പ്പ് ഒറ്റിവീണു അവരുടെ കണ്ണീരുമായി ലോഹ്യം പങ്കിടുന്നു. അടുക്കളയില്‍ ജീവിതത്തില്‍ അയാള്‍ക്കാദ്യമായി കിട്ടിയ ചുവന്ന മത്സ്യം എണ്ണയില്‍ പൊരിയുന്നു.





  

Thursday 4 April 2013

ഇടവഴിയില്‍ തനിയെ....

1.

പറിച്ചെടുക്കുമ്പോള്‍ മഷിതണ്ടുകള്‍
ഒരിക്കലും കരയാറുണ്ടായിരുന്നില്ല
പേടിച്ചരണ്ട തൊട്ടാവാടികള്‍
കണ്ണുകളടക്കും..
ഒരൊറ്റചവിട്ട് 
ഭയം കൂമ്പിവാടി നില്‍ക്കും.



ചവിട്ടി തെറുപ്പിച്ച ഭയം 

പിറകില്‍നിന്നു തോണ്ടിവിളിക്കുന്നു.
ആ വളവിനപ്പറുത്തു
എന്നെയും കാത്ത് 
ഒരു പ്രാന്തന്‍നായോ
ഒരു വട്ടന്‍ കുമാരനോ
പതുങ്ങിയിരിപ്പുണ്ടാകാം..
സൈഡ് പൊട്ടിയ സ്ലേറ്റില്‍
മുറുകെപിടിച്ചു ഞാന്‍ ...



2.

    ഇന്ന് 
    മഷിത്തണ്ടുകളും,തൊട്ടാവാടിയുമില്ല
    ഭയവും
    ആ വളവിനപ്പുറത്തു
    ഓര്‍മ്മകളുണ്ടായിരിക്കും.
    വക്കുപൊട്ടിയ ആകാശവും
    ചിതലരിച്ച ഭൂമിയും
    കഥ പറഞ്ഞിരിക്കയാവും.
    
3.
    ഞാനടിച്ചമര്‍ത്തപ്പെട്ടവനല്ല
    എങ്കിലും
    എന്‍റെ
    പ്രണയത്തിന്
    ഇരുട്ടിന്‍റെ 
    നിറമാണ്.

    




Thursday 28 March 2013

3 വട്ടന്‍ ചിന്തുകള്‍

"ഈ മുറിയിലേക്ക് 
വെളിച്ചം കടത്തിവിടുന്ന
സുഷിരം
നിന്നെ 

ഇരുട്ടും
പ്രകാശവുമാക്കുന്നു"

"ഇടങ്ങളും ഇടപാടുകളും
സത്യസന്ധമാവുമ്പോള്‍ 
വേശ്യയും സൈദ്ധാന്തികനും
ഏകരൂപമാവുന്നു"

"ശബ്ദങ്ങള്‍ 
സ്വത്വനിര്‍ണ്ണയ ഉപകരണങ്ങളാകുമെങ്കില്‍ 
അവള്‍ 
ആടാവുന്നു"
(രതിമൂര്‍ച്ഛക്കിടയില്‍
അവള്‍ ആടിനെപോലെ
കരയുന്നു)
ഞാന്‍? 

Saturday 23 March 2013

കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നു




             ണ്ണുകള്‍ വളരെ വേഗം സഞ്ചരിക്കുകയാണ്, കാലുകള്‍ പുറകെയും..  കാഴ്ചകള്‍ക്കൊപ്പം ഓടിയെത്താന്‍ വിഷമിക്കുകയാണ് പാവം അവന്‍..,..
              റുപ്പും വെളുപ്പും ആനന്ദപൂര്‍വ്വം നൃത്തമാടുകയാണ്. ചതുരംഗകളത്തിലെ നിര്‍ജീവമായ പടയാളികള്‍ക്കു പകരം ആയുധസജ്ജരായ പടക്കൂട്ടങ്ങള്‍. അശ്വാരൂഢന്‍മാരും ആനയും മന്ത്രിയും.. എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്. യുദ്ധം വഴിതേടി കൊണ്ടിരിക്കുന്നു..
           

       രാജാവിനെ മാത്രം കാണാനില്ല. വരുമായിരിക്കും, ഭീരുവായ രാജാവിന്‍റെ പടയാളികളല്ലവര്‍..,.കണ്ണുകളില്‍ പോരാട്ടവീര്യത്തിന്‍റെ തീക്ഷണതയുണ്ട്.. അവരുടെ പടനായകന്‍ ഞാനാണോ? ഉയര്‍ന്നു പൊങ്ങിയ വയറിനെ ഒരു ശ്വാസം കൊണ്ടു ഞാനുള്ളിലാക്കി.
             

      കാഴ്ച കാണിച്ച ലോകത്തിലെത്താതെ പിന്തിരിഞ്ഞോടിയാലോ?... കാലുകള്‍ അനുസരിക്കുന്നില്ല, ആ യുദ്ധമുഖം ലക്ഷ്യമാക്കി ഓടി കൊണ്ടിരിക്കുന്നു.മനസ്സും ശരീരവും ഒരു ബിന്ദുവില്‍ നിന്നും വ്യത്യസ്ഥ ദ്രുവങ്ങളിലേക്ക് വേര്‍പിരിയുക. എന്നിലേക്ക് ഭയം ഓടിയെത്തുകയാണ്. ബെന്യാമിന്‍ ഓര്‍മ്മപ്പെടുത്തിയതുപ്പോലെ "അവന്‍റെ നിസ്സഹായവസ്ഥയില്‍ മനുഷ്യന്‍ എത്ര അധീരനായി പോകുന്നു..


            നീ വേശ്യയെ കണ്ടിട്ടുണ്ടോ?... അശരീരിയാണോ? കണ്ണുകള്‍ക്കു മുന്നിലെത്തിയ കറുപ്പുനിറം  യുദ്ധത്തിന്‍റെ നിറമാകുന്നതെങ്ങനെ. യുദ്ധത്തിന്‍റെ ഇടം നിശബ്ദതയുടേതു കൂടിയല്ലേ.   
അവിടെ മനുഷ്യന്‍റെ ശബ്ദങ്ങള്‍ മ്യൂട്ട് ചെയ്യപ്പെടുന്നു. വെടിയൊച്ചകള്‍ക്കിടയില്‍  ചിലപ്പോള്‍ സമാധാനത്തിന്‍റെ നിലവിളി കേള്‍ക്കാം.. പതുക്കെ അവയും അപ്രത്യക്ഷരാകും.അവസാന നാളുകളില്‍ അവര്‍ക്ക് തിരിച്ചു വരണമല്ലോ!

        കാതുകളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടു ചോദ്യം ആവര്‍ത്തിക്കപെടുകയാണ് "നീ വേശ്യയെ കണ്ടിട്ടുണ്ടോ?"
        "പ്രണയിച്ചിട്ടുണ്ട്"....

       ല്ലാവരും ചിരിക്കുകയായിരുന്നു ഞാനും,മാഷും, അവളുമൊഴികെ..
       വളുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നു..
  
        വള്‍ക്കുമറിയില്ലേ പുനത്തിലിന്‍റെ വേശ്യയെ.. ധര്‍മ്മവും കര്‍മ്മവും തിരിച്ചറിയാന്‍ കഴിയാത്ത മറ്റു ശിഷ്യര്‍ക്ക്മുന്നില്‍  ഗുരുവിനോട് ഉറക്കെ ദൃഡസ്വരത്തില്‍ ഞാനൊരു അഭിസാരികയാവാന്‍ പോകുന്നുവെന്നു പറഞ്ഞ കുഞ്ഞിക്കായുടെ ആ സുന്ദരിയെ..  പ്രണയനാളുകളില്‍ ലൈബ്രറിയിലെ ഒഴിഞ്ഞമൂലയില്‍ നമുക്ക് കൂട്ടിരുന്നവള്‍.    
  
        

Wednesday 20 March 2013

രമണന്‍ രണ്ടാമന്‍ ,.. വായന

രമണന്‍ രണ്ടാമന്‍ 
നോവല്‍ 
എം കെ ഖരീം.


              
             മുഖപുസ്തകങ്ങളിലെ കുറിപ്പുകള്‍ വായിച്ചു അപ്പോള്‍ മനസ്സില്‍ തോന്നുന്ന ഒരു കമന്‍റുമിട്ടു രക്ഷപ്പെടുന്ന താല്‍ക്കാലിക പ്രതിഭാസം നോവല്‍വായനയില്‍ നടക്കുകയില്ലല്ലോ? ഓരോ വാക്കുകളും മറ്റൊന്നിലേക്ക്  തുറന്നു തരുന്ന വഴികളും അതോടൊപ്പംതന്നെ വേറൊന്നിന്‍റെ  തുടര്‍ച്ചയുമാകുമ്പോള്‍ പ്രത്യേകിച്ചും. വിലകൂടിയ വാക്കുകള്‍ വിളക്കി ചേര്‍ത്ത് അക്കാദമിക്‌ പണ്ഡിതന്‍മാര്‍ ഇവനെ ഏറ്റെടുക്കും മുന്‍പ്‌ നമുക്ക് വായിക്കാം.

          എം കെ ഖരീം അദ്ദേഹത്തിന്‍റെ ഒരു നോവലും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. എന്ത് വായിക്കണം എന്നു പോലും വേറൊരാള്‍ തിരുമാനിക്കുന്ന കാലത്ത് എഴുത്തുകാര്‍ തങ്ങളുടെ വെളിച്ചം കാണാത്ത സൃഷ്ടികള്‍ക്കുള്ളില്‍ ചിതല്‍ പുറ്റുകളായും മാറിയിട്ടുണ്ട്. ഫേസ്ബുക്ക് പരിചയപ്പെടുത്തിയ എഴുത്തുക്കാരന്‍റെ രചന   മറ്റു ‘പ്രമുഖ’ നോവലുകളെക്കാള്‍ മുന്‍പേ എന്നെ  വായിക്കാന്‍ പ്രേരിപ്പിച്ചതും എന്നിലെ ഒരു റിബലായിരിക്കണം.. ‘രമണന്‍ രണ്ടാമന്‍’ പേരില്‍ തന്നെ മരണത്തിന്റെ ഗന്ധമുള്ള പ്രണയം അലയുന്നില്ലേ? അങ്ങനെ ഒരു നാമകരണം ചെയ്തത് തിരിച്ചറിയപ്പെടാന്‍ വേണ്ടി മാത്രം എന്നു പറയുന്ന നോവലിസ്റ്റ് തന്നെ പ്രണയിക്കുക എന്നത് നുണയാണെന്നും പ്രണയത്തിലാകുക എന്നതാണ് സത്യമെന്നും പ്രണയത്തിലാവുന്നതോടെ  നാം എല്ലാത്തരം മലിനതകളില്‍ നിന്നുള്ള മോചനം തേടുമെന്നും ഓര്‍മ്മിപ്പിക്കുന്നു...

         ജാവേദും മീരയും അല്ലെങ്കില്‍ ജാവേദും സാവിത്രിയും തമ്മിലുള്ള സംവാദം മാത്രമല്ല അവന്‍റെ കഥാപാത്രങ്ങളായ വേണുവും ആതിരയും തമ്മില്‍ ഗ്ലാഡിനും എലിസബത്തും തമ്മില്‍..,... ജീവിതങ്ങളിലെ പ്രണയങ്ങള്‍.., രക്തസാക്ഷിത്വം. അവരോടൊപ്പം ഭ്രാന്തമായ ലോകത്ത് അലറുന്ന അപരനെ തിരിച്ചറിയാനാവാതെ അവന്‍ ജാവേദ്‌..,.വേണുവും ആതിരയും ഗ്ലാഡിനും ചിന്തകളില്‍ അവനോട് തര്‍ക്കിക്കുന്നു സ്വപ്നങ്ങളില്‍ കൂട്ടു കിടക്കുന്നു.. നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് പിന്തിരിഞ്ഞു നോക്കിയേ പറ്റൂ പ്രണയം അത്രക്കുമേല്‍ തീവ്രമാണ് ജീവിതവും...

         കഥയിലെ നായകനെ ഖരീം വിശേഷിപ്പിക്കുന്നത് 'മുറിവേറ്റപക്ഷി' എന്നാണ്, "ഉണങ്ങാത്ത വ്രണവുമായി നടക്കുന്നവന്‍,ആ വ്രണത്തിലാണ് എഴുത്ത്, അതില്ലെങ്കില്‍ പിന്നെ മരവിപ്പ്.എഴുതാതിരിക്കുകയെന്നാല്‍ മരിച്ചു പോകുക എന്നുതന്നെ". ജാവേദും ഖരീമും ഒന്നുതന്നെയല്ലേ നാം സംശയിച്ചു പോകും .. "പെണ്ണിനെ അടിമയാക്കുന്നതല്ല പ്രണയം,നിന്‍റെയൊക്കെ പ്രണയത്തിന് നാപ്കിന്‍റെ വിലപോലും ഞാന്‍ തരില്ല" സരയുവിന്‍റെ കാര്‍ക്കിച്ചു തുപ്പല്‍ ആരുടെയെല്ലാം മുഖത്താണ് ചെന്നു പതിക്കുന്നത്.          
          
          ബാബമാരുടെ ലിംഗം തിരയുമ്പോള്‍ വിശ്വാസവും അവിശ്വാസവും , സാംസ്കാരിക അധിനിവേശം വരുമ്പോള്‍  വായനക്കാരനും നോവലിസ്റ്റും   എല്ലാം ഒരു വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടത് തന്നെ. ചിന്തകളുടെ പ്രവാഹം നൂറ്റി മുപ്പത്തി നാല് പേജുള്ള ഈ ചെറിയ നോവല്‍ എനിക്ക് ഒറ്റയിരുപ്പില്‍ വായിക്കുന്നതിനെ തടയിട്ടു എന്നുള്ളത് ഒരു സത്യമാണ്. അതു ഒരു പോരായ്മയായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാം.  വായനക്കാരന്‍റെ മൃദുല വികാരങ്ങളെ സന്തോഷിപ്പിക്കാനുതകുന്ന വിധത്തില്‍ രചനകളെ രൂപപ്പെടുത്തിയാല്‍ എഴുത്തുകാരന്‍ ഭീകരമായ കീഴടങ്ങലിനു വിധേയനാകും. ഏഴുത്തുകാരന്‍ പരമമായ സ്വാതന്ത്രം തേടുകയാണ്. ഖരീം ആ സ്വാതന്ത്രത്തെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി എന്നു വേണം പറയാന്‍.,. 


      രമണന്‍മാര്‍ എന്നും പുനര്‍വായനക്ക് വിധേയരായി കൊണ്ടിരിക്കും, ചങ്ങമ്പുഴ ഒരു ആരംഭമാണ്‌,.വായനയിലൂടെ നമ്മളും ആ വഴികളില്‍ കൂടി  കാലവും ദേശവും മറന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിശാഫലകങ്ങളായി വഴിവക്കില്‍ ഖരീമുമാരും.. 
  

      
       

              

Sunday 17 March 2013

അവളില്ല... വരകളും ......

            


               ഓഖ എറണാകുളം എക്സ്പ്രസ്സ്‌ ഗോവയിലെത്താറായി,.... കൊങ്കണുകളിലെ പുലര്‍ച്ചകള്‍  നേരത്തെ ഉടുത്തൊരുങ്ങി വരും....  സജിയും ടീമും എയര്‍ഫോഴ്സുകാരന്‍ തന്ന മിലിട്ടറിസാധനം മിക്സ്‌ ചെയ്യുന്നതിലെ തിരക്കിലാണ്.... പുറത്തെ തണുത്ത കാറ്റിന്‍റെ തണുപ്പ് ഒഴിവാക്കാന്‍ അവന്‍ ഉള്ളിലേക്ക് വലിഞ്ഞു..... "എടാ ഗോപാ നിനക്ക് വേണ്ടേ സൊയമ്പന്‍ സാധനമാടാ.".... 
             
              വൃത്തിക്കെട്ട നാറ്റം  ഓക്കാനം വന്നു,.. 
കറുത്ത മഷികളും വരകളുമായിരുന്നു ഇപ്പോള്‍ ഞാന്‍,........ ചായകൂട്ടിലെ ചിത്രകാരനെ അവള്‍ക്കു വേണ്ട..... അവളുടെ പാറിപറക്കുന്ന എണ്ണ തൊടാത്തമുടി,.. കീറിപറഞ്ഞ ബ്ലൌസ്സിനുള്ളില്‍ നിന്നും എത്തിനോക്കുന്ന മുലകണ്ണുകളിലെ അന്ധത,.. ഒക്കത്തിരിക്കുന്ന കുഞ്ഞിന്‍റെ മൂക്കട്ടയുടെ ഭാരം പോലും അവളുടെ ശുഷ്കിച്ച കാലുകളുടെ ഗതിവേഗത്തെ സ്വാധീനിച്ചിരുന്നു.... ചിത്രകാരന്‍റെ ജന്മത്തെ  ശപിച്ചു ഒരു കവിയായിരുന്നെങ്കില്‍,..... അവളില്‍ ഞാന്‍ വേഗമലിഞ്ഞേനെ..... 

              'മലയാളികളുടെ ലൈംഗികതയെ സംതൃപതിപ്പെടുത്താനാണ് ഇന്നു തെണ്ടികള്‍ സിനിമയെടുക്കുന്നത്,.. ഇവന്‍മാരെയൊക്കെ ചന്തി ചാട്ടവാറു കൊണ്ട് അടിച്ചുപൊട്ടിക്കണം'
  മലയാളസിനിമയെ അതിരൂക്ഷമായി വിമര്‍ശിക്കുകയാണ് ബിനോയ്‌,.റമ്മിന്‍റെ മണവും അയാളുടെ  ശബ്ദവും തീവണ്ടിയുടെ വേഗതയുമായി മത്സരിക്കുകയാണ്...... 

               "നീ നേരെ ഇങ്ങോട്ടെക്കല്ലേ? അതോ?" അമ്മയുടെ അതോകളില്‍ ഞാനും   ലോകവും അമ്മയും അച്ഛനും ഓര്‍മ്മകളും ഒളിഞ്ഞിരിക്കുന്നു,....       
  
            യാത്ര പുറപ്പെടുമ്പോള്‍ തന്നെ അവന്‍ പറഞ്ഞിരുന്നു... "ഗോപാ നിന്‍റെ ചായങ്ങള്‍ തിരിച്ചു വന്നപാടെ തീരും,... അത്രക്കും നല്ല കാഴ്ചകളുണ്ട് ജാംനഗറില്‍""," അവന്‍റെ ചേച്ചിയും ഭര്‍ത്താവും കുറെ കാലമായി അവിടെ താമസിക്കുന്നു,...
തീവണ്ടിയാത്രകള്‍ക്കിടയില്‍ കണ്ടവഴികള്‍ അതു സാധൂകരിച്ചുമിരുന്നു...... 

            പക്ഷെ തിരിച്ചു പോകുമ്പോള്‍ അവള്‍ മാത്രമല്ലെയുള്ളൂ,... കറുത്തവരകള്‍ പിന്നെയും അലോസരപ്പെടുത്തുന്നു....

              അമ്മയെ വീണ്ടും പറ്റിച്ചു,....നേരെ കോഴിക്കോടേക്കാണ് വച്ച് പിടിച്ചത്‌,... ചിത്രം കംപ്ലീറ്റ് ചെയ്യണം,.. എന്നിട്ടുവേണം വീട്ടിലേക്കു പോകാന്‍.....,.... പിക്ക്‌ ചെയ്യാന്‍ ശിശി വന്നത് കൊണ്ട് കാര്യം എളുപ്പായി,...അവന്‍റെ വീട് തന്നെയാണ് ഞങ്ങളുടെ  ആര്‍ട്ട് ഹൌസ്...... 

             ആദ്യം കണ്ണുകള്‍,.... അവയില്‍  പ്രതീക്ഷയായിരുന്നു.....ആരെയോ തിരയുകയായിരുന്നു,......വരകള്‍ തെളിഞ്ഞു വരുന്നു..മനസ്സിലെ ഭാരം അലിഞ്ഞു തുടങ്ങുന്നു... 


             "ഗോപേട്ടാ പെട്ടെന്ന് വാ' .....ശിശിയല്ലേയിത് ചായ മേടിക്കാന്‍ പോയ ഇവനെന്തു പറ്റി.... അപ്പോഴേക്കും അവന്‍ ബൈക്ക് പിന്നെയും സ്റ്റാര്‍ട്ട് ചെയ്തിരുന്നു..... ആലിക്കായുടെ ചായപീടികയും കഴിഞ്ഞു അവന്‍ നീങ്ങി കൊണ്ടിരിക്കുകയാണ്..... റെയില്‍പാളത്തിനടുത്തൊരു ആള്‍ക്കൂട്ടം,... തിരക്കിനുള്ളില്‍ നിന്നാണത് കണ്ടത്,.... ആരോ കടിച്ചു കീറിയ നാലുവയസ്സുകാരി,... അതിനടുത്തൊരമ്മ..... അവള്‍ കരയുന്നില്ല..... 
             
             ചുമന്ന ചായം വരച്ചുവച്ച കണ്ണുകളില്‍ ഒഴുകികൊണ്ടിരിക്കുന്നു,...... നിറങ്ങള്‍ വരകളോട് കയര്‍ക്കുന്നു പുഴയിലേക്ക് നടക്കുന്നു,................ ഞാന്‍ ഉറങ്ങട്ടെ............... 

Wednesday 13 March 2013

കുട്ടന്‍ കണ്ട ബിനാലെ ...(രണ്ടാം ഭാഗം)....


                BRICS രാജ്യങ്ങളിലെ കലാകാരന്‍മാരുടെ ഡോക്യുമെന്‍റെറികള്‍ എവിടെയൊക്കെയോ നമ്മുടെ ചിന്തകളെ അസ്വസ്ഥമാക്കാം,മുഴുവന്‍ കാണാന്‍ പറ്റിയില്ലെങ്കിലും....

          അമേരിക്കന്‍കാരന്‍ ആല്‍ഫ്രെഡോ യാറിന്‍റെ 'ക്ലൗഡ്‌ ഫോര്‍ കൊച്ചി'യില്‍ ജലത്തിലെ പ്രതിഫലനത്തില്‍ തെളിഞ്ഞു വരുന്ന മേഘസന്ദേശത്തിലെ വരികള്‍ സാധാരണത്വം തുളുമ്പുന്ന വലിയ കാര്യങ്ങളായി..




       'celebration in the laboratary' ആസ്പിനിലെ ഉപേക്ഷിക്കപ്പെട്ട ലബോറട്ടറിയില്‍ അതുല്‍ ദോദിയ നടത്തിയ പ്രദര്‍ശനം അസാധാരണമായ ഒരനുഭവം തരുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചില നല്ല ആംഗിളുകള്‍ നമുക്ക് കാണാന്‍ സാധിക്കും.





black gold
       
           ഇന്‍സ്റ്റലേഷന്‍ എന്ന പരിപാടി ആദ്യമായി കാണുന്നത് കൊണ്ടാകാം അതിന്‍റെ അര്‍ത്ഥവ്യാപ്തി പൂര്‍ണ്ണമായും മനസ്സില്ലാക്കാന്‍ സാധിക്കാത്തത്. വിവാന്‍ സുന്ദരത്തിന്‍റെ 2000 വര്‍ഷം പഴക്കമുള്ള  മുസിരിസ് പട്ടണത്തിന്‍റെ പുനരാവിഷ്കരണം ഉപേക്ഷിക്കപ്പെട്ട potshed കള്‍ കൊണ്ടുള്ളതാണ് 'Black Gold'. 





    സുബോദ് ഗുപ്തയുടെ  പേരിടാത്ത ഇന്‍സ്റ്റലേഷന്‍ വലിയൊരു തോണിയില്‍ കാണുന്ന പഴയ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, സൈക്കിള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍....,.... ഇണങ്ങിയും പിണങ്ങിയും പ്രകൃതി ഒരു വശത്തു... നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പാലായനം ചെയ്യപ്പെടുന്നവര്‍ മറ്റൊരു വശത്ത്.....




കുട്ടികളുടെ ചിത്രങ്ങള്‍
'Five rooms of clouds'
       Clifford Charls ന്‍റെ 'Five rooms of clouds' എന്‍റെ ഭാവനക്കപ്പുറത്താണെന്ന് തോന്നിയതിനാല്‍ കൊറേ നോക്കി ഞാന്‍ തിരിച്ചു നടക്കുമ്പോള്‍ നമ്മുടെ  നാട്ടിലെ കൊച്ചു പിള്ളേരുടെ സൃഷ്ടികള്‍ എന്നെ കുട്ടികാലത്തിലേക്ക് നയിച്ചു,,,

     

   'ക്രോസ് ഫയര്‍' ഷാഹിദുല്‍ഇസ്ലാമിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷനും ഉപേന്ദ്രനാഥിന്‍റെ 'കേരളത്തില്‍ നിന്നും സ്നേഹപൂര്‍വ്വം' എന്ന പ്രദര്‍ശനവും ആകര്‍ഷകം തന്നെ.....

 'കേരളത്തില്‍ നിന്നും സ്നേഹപൂര്‍വ്വം'
              


  'tug of war'
    'tug of war' എന്ന ജലാശയ ചിത്രം വരച്ച ജലജ മനുഷ്യന്‍റെ  ദ്വിമുഖ വ്യക്തിത്വത്തെ പ്രതീകവല്‍ക്കരിച്ചതാണത്രേ,............

     ശ്രേയസ് കാര്ലോയുടെ 'ഫില്ലിംഗ്' 'ലീക്കിംഗ്' എന്നിവ നമ്മുടെ കണ്ണിനെ പരീക്ഷണ വസ്തുവാക്കുന്ന അനുഭവം തരുന്നു......






      കോഴിക്കോട്ടുക്കാരന്‍ പ്രഭാകരന്‍റെ ചിത്രങ്ങള്‍ അയല്‍ പക്കത്തെ കാഴ്ചകള്‍ പോലെ നമ്മെ നോക്കുമ്പോള്‍ തന്നെ Sun Xun എന്ന ചൈനക്കാരന്‍ രചനകള്‍ നമ്മെ അപരിചത്വത്തിലേക്ക് നയിക്കുന്നു.,..


three simple steps


              ഉരുകിയ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ മോസ്കിറ്റോ പെപ്പലന്‍റ, ചായങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ആനന്ദ്‌ ജോഷി ഒരുക്കിയ ത്രീ സിമ്പിള്‍ സ്റ്റെപ്സ് കണ്ടു പുറത്തിറങ്ങിയപ്പോഴാണ് ഒരാളുടെ ആക്രോശം കേള്‍ക്കുന്നത്.... ഇവിടങ്ങളിലെ കലാസൃഷ്ടികള്‍ നമുക്ക് കാന്‍സര്‍ സമ്മാനിക്കുമെന്നു പറഞ്ഞു കൊണ്ടാണ് പ്രകൃതി ജീവനം പ്രാക്ടീസ്‌ ചെയ്യുന്ന ആ മനുഷ്യന്‍ അവിടെ നില്‍ക്കുന്നത്.....




      
             72 പ്രവിലേജസ് ജൊസഫ് സെമയൊരുക്കിയ ഇന്‍സ്റ്റലേഷന്‍ പ്രതീകങ്ങളുടെ കൂമ്പാരമാണ്....
       22 മീറ്റര്‍ നീളമുള്ള ഒരു മേശ, 72ചെമ്പു തകിടുകള്‍ 5000മീറ്റര്‍ നീളമുള്ള വെള്ള നൂല്‍ .... ചേര രാജ വംശത്തിലെ ചേരമാന്‍ പെരുമാള്‍ ജൂതന്‍ മാര്‍ക്കും ക്രിസ്ത്യന്‍ സമുധായക്കാര്‍ക്കും 72 വിശേഷധികാരങ്ങള്‍ നല്‍കിയതായി ചരിത്രം .... 72 തകിടുകള്‍ ജറുസലേം നഗരത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട നക്ഷത്ര സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നു. നഗരത്തിന്‍റെ ചുറ്റളവത്രേ 5000 മീറ്റര്‍.....,... സെമ തന്നെ വരച്ച 72 ചിത്രങ്ങള്‍ ആ വിശേഷധികാരത്തിന്‍റെ സൂചനതന്നെയാണ് തരുന്നത്.....

       'Printed Rainbow' തീപ്പെട്ടി ചിത്രങ്ങളുടെ മായികലോകത്തേക്ക് രക്ഷപ്പെടുന്ന വൃദ്ധയുടെയും അവരുടെ പൂച്ചയുടെയും കഥ പറഞ്ഞു കൊണ്ട് ഗീതാഞ്ജലിറാവുവും ആസ്വാദക ശ്രദ്ധ നേടുന്നു.

  


 ജ്യോതി ബസു 


     അവിടെ ഞാന്‍ കണ്ട ഒരു കലാകാരനായിരുന്നു ജ്യോതി ബസു എന്തെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ അങ്ങേരു ഒടുക്കത്തെ ബിസിയാണ് തന്‍റെ വരയില്‍........,.... പേരിടാത്തൊരു ചിത്രമായിരുന്നു അത്... 





'five great elements'
           പഞ്ചമഹാഭൂതങ്ങള്‍ എന്നും എന്നെ നിഷ്പ്രഭനാക്കിയേട്ടെയുള്ളൂ.. വെങ്കണ്ണയുടെ  'five great elements' അത് കൂടുതല്‍ ഊട്ടിയുറപ്പിച്ചു...



        പാട്യക്കാരന്‍ വല്‍സന്‍ കൂര്‍മ്മ അവതരിപ്പിച്ച 'I Wish I Can Cry' എന്ന കോപ്പര്‍ വയര്‍, മണ്‍പാത്രം എന്നിവ ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷന്‍ ആളുകളെ നിരായുധരാക്കുന്നു.....




തുമ്പിക്കര ചാത്തന്‍

      ആസ്പിന്‍ വാളില്‍ നിന്നും നേരെ പോയത് തൊട്ടടുത്തുള്ള പെപ്പര്‍ ഹൌസിലെക്കായിരുന്നു അവിടെ മലയാളികളുടെ കരവിരുത് കാണാമായിരുന്നു.... കൃഷ്ണകുമാറിന്‍റെ ബോട്ട്മാനും  കെ പി റെജിയുടെ തുമ്പിക്കര ചാത്തനും,.....

        

       ഷൈന ആനന്ദും അശോക്‌ സുകുമാരനും അവരുടെ  'CAMP' എന്ന സ്റ്റുഡിയോയിലൂടെ അവതരിപ്പിച്ച 'Destuffing  Matrix' 4*3 HD video ഒരു പോര്‍ട്ടിന്‍റെ വിവിധ സീനുകളുടെ സംയോജനം സാധ്യമാക്കുന്ന ആശയപോരാട്ടം കാഴ്ചവെക്കുന്നതായി എനിക്ക് തോന്നി......





      22 perfect വയലിന്‍റെ രാഷ്ട്രീയം നിഗൂഡമായി നിങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കും ആരാണത്തിന്‍റെ സ്രഷ്ടാവെന്നു ഓര്‍മ്മ വരുന്നില്ല...
          

         മൊയ്തു ഹെറിറ്റേജിലെത്തുമ്പോള്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു... അഹമ്മദ്‌ മേത്തറുടെ കണ്ണുകള്‍ മെക്ക നഗരത്തിന്‍റെ ആത്മീയതയും ആകര്‍ഷീണതയും നന്നായി ഒപ്പിയെടുത്തു.... തലവേദന അസഹയനീയമായതിനാല്‍ 'life in a river' എന്ന ഇന്‍സ്റ്റലേഷന്‍കൂടി കണ്ടു ഞാന്‍ പുറത്തിറങ്ങി,,



.... 'കടുവക്കു എല്ലാം മനുഷ്യരും ഒരു പോലെയാണ്, കടുവക്ക് കടുവയായിരിക്കാനാണ് മോഹം എന്ന ഓപ്പണ്‍ എയര്‍ ചിത്രം കണ്ടു ഫോര്‍ട്ട്‌ കൊച്ചിയില്‍  തിരിച്ചു പോകുമ്പോള്‍ മട്ടാഞ്ചേരിയിലേക്ക് പോകാന്‍ കഴിയാത്തത്തിന്‍റെ വിഷമവും കുറെ ചോദ്യങ്ങളും മനസ്സില്‍ ബാക്കിയായി........



                      (തുടരും)

Monday 11 March 2013

പ്ഫ..............



ആശയങ്ങളെ വലിച്ചെറിയുക.....
വിപ്ലവം... 
എഴുതരുത്....
പറയരുത്..... 
കത്തിക്കയുമരുത്......... 
(പുകകള്‍ വിധേയരല്ലല്ലോ?)


നായിന്‍റെമക്കളുടെ 
കുരകള്‍ക്കിടയില്‍ 
ഓരിയിടലുകള്‍
വ്യത്യസ്ഥമാകുന്നില്ല.......


അപ്പോഴും,
മണ്ണുകളുടെ 
ദഹനപ്രക്രിയയറിയാതെ
ആമാശയങ്ങള്‍
വിലാപയാത്രയിലായിരുന്നു.........


പ്ഫ......... .
തലമുറകള്‍ 
കാര്‍ക്കിച്ചു തുപ്പും
തുപ്പലുകളെ പുഴകളാക്കുക
മാലിന്യം നിറഞ്ഞ പുഴകള്‍
ഒഴുകാറില്ലല്ലോ?
ദുര്‍ഗന്ധവാഹിയായി
നിങ്ങള്‍ നിശ്ചലമാകുക......

Friday 22 February 2013

ഞാന്‍..,....ഒരു പ്രാന്തന്‍റെ ഡയറികുറിപ്പ്.....



 ചിന്തകള്‍ വേവും 
 മുമ്പേ എടുക്കണം....
 വെന്ത ചിന്തകള്‍ 
 കരയാറില്ല.....
 കരയണം....ചിരിക്കണം....
 ആര്‍ത്തട്ടഹസിക്കണം

 നീയാകരുത്....
 അതിനു മുന്നേ ഞാനാകണം.....
 അങ്ങനെ നീയില്ലാത്ത ഞാനും......
 ഞാനില്ലാത്ത നീയും....
 കളവാണത്....ഞാന്‍ കളവേ പറയൂ....
 കള്ളമില്ലാത്ത സത്യമേ മാപ്പ്......... 

Wednesday 20 February 2013

വിലക്കപ്പെട്ടവര്‍.........,......

           


            സഞ്ചരിക്കുന്ന വഴികളിലെ ഇരുട്ടിന്‍റെ സാന്ദ്രത തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ലെന്നമട്ടില്‍ എളുപ്പത്തിലായിരുന്നു അയാളുടെ മുന്നോട്ടുള്ള യാത്ര. ചെറിയ നഗരത്തില്‍ നിന്നും വലിയ നഗരത്തിലേക്കുള്ള വളര്‍ച്ചയില്‍ വടകരയ്ക്ക് പുതിയ അധിപന്‍മാരുണ്ടായപ്പോഴും ആരൊക്കെയോ മറന്നു വെച്ച ഈ കുടുസ്സു വഴിയോര്‍ത്ത് അയാള്‍ പലപ്പോഴും അത്ഭുതപെടാറുണ്ടായിരുന്നു. തന്‍റെ കടയില്‍ നിന്നും ബസ്സ്‌സ്റ്റാന്‍ഡിലെത്താന്‍ ദൂരം കൂടുതലുണ്ടായിരുന്നിട്ടും  ഈ വഴി തന്നെയാണ് അയാള്‍ എന്നും  യാത്രക്ക് തിരഞ്ഞെടുക്കാറ്.
          

               കോടതിയുടെ മുന്നിലായിട്ടായിരുന്നു അയാളുടെ ആയുര്‍വേദ മരുന്നുകട. ഇടതും വലതും വശങ്ങളില്‍ വസ്ത്രങ്ങളുടെ പുതിയ സൌധങ്ങള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ വെള്ളയില്‍ പച്ച മഷിയില്‍ എഴുതിയിരുന്ന നരച്ച  കടയുടെ ബോര്‍ഡ്‌ മാത്രമല്ല കട തന്നെ ഞെരുങ്ങിയതായി തോന്നി. പാരമ്പര്യത്തിലുള്ള കടത്തനാട്ടുകാരുടെ വിശ്വാസമാകണം അയാളുടെ കടയുടെ നിലനില്‍പ്പിന് കാരണം. പലരുടെയും വൈദ്യരെന്ന അഭിസംബോധന വൈദ്യരല്ലാഞ്ഞിട്ടും അയാളില്‍ അഭിമാനബോധമോ അപകര്‍ഷതയോ ഒന്നും സൃഷ്ടിക്കാറില്ല... മാറ്റത്തോട് വല്ലാത്തൊരു വിമുഖതയാണയാള്‍ക്ക്, ചിരിയില്‍ നിന്നും ദേഷ്യത്തിലെക്കോ മറ്റേതെങ്കിലും ഭാവത്തിലെക്കോ മാറാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. കൂടപിറപ്പായ നിസംഗത വലിയ വ്യത്യാസമൊന്നുമില്ലാതെ കൊണ്ടുനടക്കാന്‍  ശ്രമിക്കുന്നു. അയാള്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കു പോലും വേഗത വളരെ കുറവാണ്, ദിവസേനയുള്ള യാത്രയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങുകയും അവിടെ നിന്നു രണ്ടര കിലോമീറ്ററുകള്‍ നടന്നു കൊപ്പരക്കണ്ടത്തില്‍ എത്തുകയും ചെയ്യുന്ന ശീലത്തില്‍ ചെറിയൊരു മാറ്റം വരുത്തിയത് ഇപ്പോഴാണ് വിരളമായി ഒന്നു ജീപ്പ് സര്‍വീസില്‍  കയറും അത്ര മാത്രം. 
                


           നരച്ചു തുടങ്ങിയ ബാഗ് ചുമലിലിട്ടു കൈകള്‍ വീശിയുള്ള അയാളുടെ നടത്തം ഒരു തലമുറയുടെ സമയസൂചികയായിരുന്നു. കാലത്തിന്‍റെ നടത്തില്‍ സ്വന്തം സമയം മറന്നവര്‍ ഈ മനുഷ്യന്‍റെ സമയവും പതുക്കെ മറന്നിരിക്കുന്നു. നിശബ്ദത യുടെ സഹാചാരിയായിരുന്നവന്‍ നാട്ടിലെന്നും ഒരു കാണിയായിരുന്നു. നാലാള്‍ കൂടുന്നിടത്തെ അച്ചടക്കമുള്ള ശ്രോതാവ്‌. ആ നിശബ്ദത വീട്ടിലേക്കു കൂടി പരന്നതോടു കൂടിയാണ് സഹധര്‍മ്മിണി പശു വളര്‍ത്തിലേക്കും കുടുംബശ്രീയിലേക്കും തന്‍റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ചത്. 

                   കഴിഞ്ഞ കുറെ വര്‍ഷത്തെ ആഴ്ചപതിപ്പുകളെ ലക്കങ്ങളുടെ അവരോഹണ ക്രമത്തില്‍ അടുക്കി വെക്കുന്ന ഭാരിച്ച ജോലി ചെയ്തുകൊണ്ടിരിക്കുകയായതിനാല്‍ മുറ്റത്ത് നില്‍ക്കുന്ന പോസ്റ്റ്‌മാനെ അയാള്‍ക്ക് ആദ്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പോളിസിലെറ്ററുകളും ബാങ്ക് നോട്ടീസുകളും മാത്രം കൈകാര്യം ചെയ്തു ശീലിച്ചിരുന്ന പോസ്റ്റ്മാന്‍ അയാള്‍ക്ക് ആ കത്ത് അത്യാഹ്ലാദത്തോടെടെയാണ് നല്‍കിയത്, എന്നാല്‍ അയാള്‍ അതു മേശയുടെ മുകളില്‍ വെച്ച് തന്‍റെ ജോലിയില്‍ വ്യാപൃതനാകുകയാണ് ചെയ്തത്. രാത്രിയിലാണ് ആ കത്തിന്‍റെ ഓര്‍മ്മ തന്നെ അയാള്‍ക്ക്‌ വന്നത്.


പ്രിയപ്പെട്ട മാഷെ,

             തെന്‍റെ മാത്രം കഥയല്ല,ഞങ്ങളുടെ ജീവിതമാണ്.
"വെറുതെയൊന്നു ഈ വഴിക്ക് നടക്കാനിറങ്ങിയത് നന്നായി ഹജ്ജുമ്മയുടെ പറമ്പില്‍ അമ്മിണികുട്ടിയുണ്ട്എന്തെങ്കിലും വര്‍ത്താനം പറഞ്ഞിരിക്കാം, പക്ഷെ അവള്‍ക്കു പേടിയാണ് "ഇപ്പൊ പോനാരാണെട്ടന്‍ വരും ജാനകിയമ്മ വരും" അവള്‍ എല്ലാരേം ഭയക്കുന്നു,  അവളെ പോലുള്ള പശുക്കള്‍ക്ക് അവരുടെ രക്ഷാകര്‍ത്താക്കളെ ഭയക്കേണ്ടി വരും...എനിക്കാരെയും ഭയക്കേണ്ട ഞാന്‍ അലഞ്ഞു തിരയുന്ന കാളയല്ലേ....

              ന്താ അമ്മിണിക്കുട്ട്യെ നിങ്ങളെ വളര്‍ത്തുന്നോര്‍ക്കെല്ലാം ഇങ്ങനെ പഴഞ്ചന്‍ പേരുകളായി പോയത്? ഒരു 'ഡോണ മയൂരയോ' ഒരു 'റൈനിയോ' ഒക്കെ നിന്നെ എപ്പോഴാ വളര്‍ത്തുക? അങ്ങനെ അവള്‍ക്കു മുന്നില്‍ വലിയൊരു അസ്ഥിത്വപ്രശ്നമിട്ടു കൊടുത്താലും അവള്‍ നിശബ്ദയായിരിക്കും. ചിലപ്പോ ഒന്നും മനസ്സിലായി കാണില്ല പാവം!ബന്ധനസ്ഥയാണെങ്കിലും പുല്ലും പുഷ്ടിയൊക്കെ കിട്ടുന്നുണ്ടല്ലോ ചിലപ്പോള്‍ അതാവാം?


              മാഷെ, അല്ല നിങ്ങളെ അങ്ങനെ വിളിക്കാമോ? എനിക്കറിയാം ഇങ്ങള് മാഷോന്നും അല്ലാന്നു...വൈദ്യരല്ലേ?...... മിനിഞ്ഞാന്ന് അപ്പുറത്ത് പറമ്പിന്നു കറുകയോ മറ്റോ പറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്......എനിക്ക് ഇങ്ങള് മാഷ്‌ തന്ന്യാ......നിങ്ങളുടെ ആള്‍ക്കാര്‍ക്കിടയില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്നണ്ടല്ലോ? ഇവിടെയും ഹത്യകള്‍ അവസരമുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടികളുടെ സ്ഥാനത്ത് ഞങ്ങള്‍ ആണ്‍കുട്ടികള്‍ വധിക്കപ്പെടുമായിരുന്നു...... ഞങ്ങളുടെ ആണ്‍ഭ്രൂണങ്ങളും നിങ്ങളുടെ പെണ്‍ഭ്രൂണങ്ങളും എവിടെവെച്ചെങ്കിലും കണ്ടു മുട്ടിയാല്‍ കരയുക തീര്‍ച്ചയായും ഒരു പോലെയാകും.


            "വേദനകള്‍ കുഴിച്ചുമൂടാനുള്ളതല്ല അത് വേദനിച്ചു തന്നെ തീര്‍ക്കണം" ഒരു ചങ്ങാതി പണ്ട് പറഞ്ഞാതാണ്..ഞങ്ങളുടെ വിധി.,...വേനല്‍ ചൂടില്‍ സൂര്യരശ്മികള്‍ താണ്ഡവനടനമാടുകയാണ്. കത്തുന്ന വയറില്‍ വിശപ്പിന്‍റെ കനവും പേറി ഈ പകലിനെ നേരിടണം ...രാത്രികള്‍ എനിക്ക് ഇഷ്ടമാണ് ഒരു പാട് സ്വപ്നങ്ങള്‍ കാണാറുണ്ട്‌., അനാഥത്വം എന്‍റെ സ്വപ്നങ്ങളെ വേട്ടയാടാറില്ല അതെന്‍റെ അനിവാര്യതയാണ്.


            നിലാവും നിശബ്ദതയും കാമുകികാമുകന്‍ മാരത്രേ?..അവരൊന്നിച്ച ആ ദിവസമാണ് ഞാന്‍ തിരിച്ചറിഞ്ഞത് എനിക്ക് അമ്മിണിക്കുട്ടിയോട് കലശലായ പ്രേമമാണ്...അവളുടെ വെളുത്ത നിറം .....കണ്ണുകള്‍ക്കിടയിലെ പൊട്ടു പോലുള്ള കറുത്ത പുള്ളി എത്ര നേരം നോക്കിയിരുന്നാലും മതി വരില്ല. സഹവാസിയോട്  ഈ കാര്യം അവതരിച്ചപ്പോള്‍ അവന്‍ പറയുകയാണ് "കാളകള്‍ പശുക്കളെ പ്രണയിക്കാറില്ല, അത്  നിഷിദ്ധമാണ് വേണമെങ്കില്‍ ഭോഗിക്കാം ഒരു തരം മനുഷ്യന്‍മാര്‍ പറയുന്ന ഗന്ധര്‍വ്വന്‍ മാരെ പോലെ ,പ്രണയമാണ് അവരുടെ ആയുധം നമുക്കുള്ളത് കരുത്തും സ്വാതന്ത്ര്യവും.,.... അവനറിയാവുന്ന പൂര്‍വികരുടെ അടങ്ങാത്ത കാമത്തിന്‍റെയും കീഴ്പ്പെടുത്തലുകളുടെയും വീരസാഹസിക കഥകള്‍.


            വനോടു വല്ലാത്ത ഈര്‍ഷ്യ തോന്നി പ്രണയം കാമമല്ലെന്നും മറ്റൊരു വികാരമാണെന്നും അതില്‍ സ്നേഹമുണ്ടെന്നും സൌഹൃദമുണ്ടെന്നും പറഞ്ഞു നോക്കി...എന്തു കാര്യം അവന്‍ പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ്... ഗന്ധര്‍വ്വന്‍ മാരെ പോലെ നടന്ന പൂര്‍വ്വികര്‍ എന്തു നേടി, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന മനുഷ്യന്‍റെ ആതിഥ്യമരുളി അച്ഛനെയറിയാത്ത കുറെ സന്താനപരമ്പരകളെ സൃഷ്ടിച്ചു.. 

ബന്ധങ്ങള്‍ ബന്ധനങ്ങള്‍.....,....

            നിസ്സഹായായവരുടെ വിചാരവും വിലാപവുമെല്ലാം തൊഴുത്തിലെ കയറില്‍ കുടുങ്ങി കിടക്കുകയായിരിന്നു അപ്പോഴും...



            സ്ത്രീകള്‍ പ്രസവിക്കാനുള്ള യന്ത്രങ്ങളും പുരുഷന്‍മാര്‍ ഉപയോഗശൂന്യരാണെന്നുമുള്ള നിഗമനത്തിലെത്തിയ മനസ്സ് മരവിച്ച ശാസ്ത്രകാരന്‍മാരുടെ  പരീക്ഷണങ്ങള്‍....,... ഞങ്ങളുടെ പ്രണയങ്ങളെ നിഷേധിച്ചവര്‍ തന്നെ രണ്ടു മിനുട്ടും സിറിഞ്ചുമുപയോഗിച്ചു ഞങ്ങളുടെ ലൈംഗികതയെ പൊളിച്ചെഴുതി..അവര്‍ക്കത് വിപ്ലവവും ഞങ്ങള്‍ക്കത് വികാരങ്ങളുടെ മരണവുമായിരുന്നു.



                 ഞാന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.     അമ്മിണിക്കുട്ടിയോടെനിക്ക് പറയണം നിന്നെ ഞാന്‍ സ്നേഹിക്കുന്നു , പാടങ്ങളിലൂടെയും റോഡുകളിലൂടെയും ഞങ്ങള്‍ക്ക് ഒരു ദിവസമെങ്കിലും പ്രണയിച്ചു നടക്കണം. നമുക്ക് വിലക്കപ്പെട്ടത് നമുക്ക് അനുഭവിക്കണം. കോട്ടയിലപ്പന്‍റെ മുന്നില്‍ നിന്നു പറയണം ഇവളെന്‍റെ പെണ്ണാണ്...


            വരറിഞ്ഞാല്‍ എന്നെ കൊന്നു കളഞ്ഞേക്കാം... ആ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു, പ്രണയത്തിന്‍റെ രക്തസാക്ഷിയാവണമെനിക്ക് ഗന്ധര്‍വ്വ പൂര്‍വ്വികന്മാരുടെ മനംമടിപ്പിക്കുന്ന കഥകളില്‍ നിന്നും വരും തലമുറക്കെങ്കിലും മോചനം വേണം....
     
           കാലുകളിലെ ഊര്‍ജ്ജം എന്നെ നടക്കാനനുവദിച്ചില്ല. ഞാന്‍ ഓടുകയാണ് പപ്പന്‍റെ പച്ചക്കറികടയും അമ്പലത്തറയുമെല്ലാം നൊടിനേരം കൊണ്ട് ഞാന്‍ പിന്നിട്ടു. നാരായണേട്ടന്‍റെ വീട് അത് മാത്രമായിരുന്നു ലക്ഷ്യം. തൊഴുത്തില്‍ അവളെ കാണുന്നില്ല, ഹജ്ജുമ്മയുടെ പറമ്പിലുണ്ടാകും.....ഇല്ല അവിടെയും ഇല്ല...എവിടെ പോയി ഇവള്‍?.... തിരിച്ചു വീടിന്‍റെ തെക്കെ പറമ്പിലൂടെ നടക്കുമ്പോഴാണ് അവിടെ എന്തോ കുഴിച്ചിരിക്കുന്നത് കണ്ടത്.....തൊട്ടടുത്തു അമ്മിണിക്കുട്ടിയുടെ കയറും  ജീവിതകാലം മുഴുവന്‍ അവളെ ബന്ധനസ്ഥയാക്കിയ കയര്‍.....,.... അവള്‍ മോചിതയായിരിക്കുന്നു തനിച്ചു..... ഈ ലോകത്തിനി അവളില്ല... ഇനിയെന്‍റെ ആത്മാവും........ ഇത് മാഷ്‌ക്കുള്ള എഴുത്താണ്....ആത്മാവിന്‍റെ എഴുത്ത്....

          കെ ക്ഷീണിതനായ അയാള്‍ കത്തു വായിച്ച കഴിഞ്ഞ ഉടനെ തന്നെ അത്താഴം പോലും കഴിക്കാതെ നേരെ മുറിയിലേക്ക് പോയി,അതു പതിവുള്ളതിനാല്‍  ഭാര്യ  പണിയെല്ലാം തീര്‍ത്തു കുളിയും കഴിഞ്ഞു താഴെ വന്നു കിടന്നു .....അയാള്‍ പതുക്കെ എഴുന്നേറ്റു ഒരു കൊച്ചുകുട്ടിയെ പോലെ അവളെ കോരിയെടുത്ത് കട്ടിലില്‍ കിടത്തി...... തോര്‍ത്തിയിട്ടും നെറ്റിയില്‍ ഒളിച്ചിരുന്ന വെള്ളതുള്ളികളുടെ മുകളില്‍ ചുണ്ടുകള്‍ പതിയെ പതുപ്പിച്ചു,,,അവള്‍ക്കൊരു സ്വപ്നമായിരുന്നു....അയാള്‍ക്കൊരു തിരിച്ചറിവും.......

             

Friday 15 February 2013

കുട്ടന്‍ കണ്ട ബിനാലെ.....

           ഇഞ്ഞ് ഇണ്ടെങ്കില്‍ ഏതു പാതാളത്തിലും വരാമെന്നു പറഞ്ഞ പഹയന്മാരെല്ലാം 'ബിനാലെ' എന്ന് കേട്ടതോടെ കാലുവാരി. കൊറെയെണ്ണം അയിനെപറ്റിയൊന്നും കേട്ടിക്കില്ല.. കേട്ടോരാണെങ്കില്‍ അത് ഇമ്മക്ക് പറ്റ്യ പണില്ലാന്നുള്ള അഭിപ്രായക്കാരും (കോമു മോനെ നീ സര്‍ക്കാരിനെക്കൊണ്ടു  കോടികള്‍ മുടക്കിയത് വെറുതെയായല്ലോ?)

         ബിനാലെയെപറ്റി ഒരു ഗമണ്ടന്‍ ക്ലാസ്സു കൊടുത്തെങ്കിലും 'ആലി നാദാപുരത്തു പോയപോലെയാകും ഇഞ്ഞവിടെ    പോയാലെന്ന്‍ പറഞ്ഞു അവന്മാര് ചങ്കിനിട്ടൊന്നു കുത്തുകയും ചെയ്തു.
             എന്നാ പിന്നെ പോയിട്ട് തന്നെ കാര്യംന്ന് ഞാനും നിരീച്ചു... സന്തോഷേട്ടന്‍റെ ബ്യൂട്ടിപാര്‍ലറില്‍ നിന്നു ഒരു ബുള്‍ഗാനും വെച്ച് പെട്ടീന്‍റെ അടിയില്‍ കിടന്ന ജുബ്ബയും സഞ്ചിയിലാക്കി ഞാന്‍ പുറപ്പെട്ടു.കൊച്ചിനഗരത്തില്‍ ദര്‍ബാര്‍ഹാളില്‍      ബിനാലെയുണ്ടെന്നുഗൂഗിള്‍മാമന്‍ പറഞ്ഞതനുസരിച്ച് കുറച്ചു കറങ്ങി.വഴിയിലൊരിടത്തും ബോര്‍ഡ്‌ വക്കാത്ത ലവന്മാരെ രണ്ടു തെറിയും പറഞ്ഞു.തീവ്ര ഇടതന്മാരുടെ പ്രതിഷേധ കുറിപ്പുകളാണ് എനിക്ക് പിന്നെ വഴികാട്ടിയായത്.(ഓല് പറയുന്നൊക്കെ ഉള്ളതാണോ എന്ന് പിന്നെ നോക്കാം)
                കുറേനേരം പുറത്തെ ബോര്‍ഡ്‌ നോക്കി നിന്നപ്പോഴാണ് ഇയിന്‍റെ ബാക്കി തീര്‍ത്തും ഫോര്‍ട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലുമാണെന്ന് മനസ്സിലായത്‌.. . . അയിമ്പത് ഉറുപ്പികയും കൊടുത്തു ഹാളിനുള്ളിലേക്ക് കയറിയപ്പോള്‍ സ്വാഗതം ചെയ്തത് 'നഗനനായ പുരുഷന്‍റെ' ശില്പമായിരുന്നു .ശില്പങ്ങളുടെ നഗ്നതെയെപറ്റിയുള്ള ചര്‍ച്ചയില്‍ ഇവന്മാര്‍ക്കൊക്കെ സ്ത്രീ നഗ്നതയെപറ്റി മാത്രമേ ബോധമുള്ളൂ എന്ന് ചോദിച്ച കൂട്ടുകാരിയെ കാണിക്കാന്‍ ഒരു ഫോട്ടോ ഞാനിങ്ങെടുത്തു.മലയാളിയായ കൃഷ്ണകുമാറിന്‍റെയാണെന്ന് സൃഷ്ടിയെന്ന് തോന്നുന്നു
നഗ്നനായ മനുഷ്യന്‍
                കണ്ട വഴിയെ മുകളിലേക്ക് കയറിയപ്പോഴാണ്‌       പാരീസുകാരനായ ഗല്ലാര്‍ഡിന്‍റെ 'ഗ്രീന്‍ സിറ്റി സീരിസ്' കണ്ടത് വായിച്ചിട്ടും കണ്ടിട്ടും ഒന്നും മനസ്സിലാകാത്തിതിനാല്‍ 'ഇത് നമ്മുടെ ബിനാലെയെന്നു' ഇംഗ്ലീഷില്‍ എഴുതിയ ടീ ഷര്‍ട്ടിട്ട പുള്ളികാരനോട് അശേഷം ഗൌരവം വിടാതെ ഇതിനെ പറ്റി ഞാന്‍ അന്വേക്ഷിച്ചു.നോട്ടം കണ്ടു അയാള്‍ക്കൊന്നും മനസ്സിലായില്ലെന്ന് തോന്നിയതിനാല്‍ തപ്പി പിടിച്ച ഇംഗ്ലീഷിലും ഞാന്‍ ചോദിച്ചു.'മുജേ കുച്ച് പതാ നഹി സര്‍' ..അമ്പട പുളുസൂ അതാണ്‌ കാര്യം അവനവിടെ ദിവസകൂലിക്ക് പണിക്ക് വന്ന ബീഹാറുകാരനാണ്.കലാകാരന്‍മാരെ മാത്രമല്ല അതിനു കാവല്‍ നില്‍ക്കുന്നവരെയും പുറത്തു നിന്നു ഇറക്കേണ്ടി വന്നോ അവര്‍ക്ക്?
               
                ശോശേച്ചിയുടെ(SosaJoseph) 'what are we' എന്ന   കാന്‍വാസും കണ്ടു ദര്‍ബാര്‍ ഹാളില്‍ നിന്നും പുറത്തിറങ്ങി.
                ഫോര്‍ട്ട്‌ കൊച്ചിയില്‍ ബസ്സിറങ്ങി ഒരു സര്‍ബ്ബത്തും കുടിച്ചു നേരെ വിട്ടത് ആസ്പിന്‍ ഹാളിലേക്കായിരുന്നു.
അവിടെ ആദ്യം കണ്ടത് ജസ്റ്റിന്‍ പൊന്മണിയുടെ 'ഡന്‍ ആന്‍ഡ്‌ dustad' എന്ന വീഡിയോ ഇന്‍സ്ടലെഷനായിരുന്നു 'നമ്മള്‍ ആരാണ്? എവിടെ നിന്നു വരുന്നു എന്നുള്ള ചോദ്യങ്ങള്‍ മിക്കവരിലും മാനസിക അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു അത് കണ്ട എന്നിലും എന്നെ പോലുള്ളവരിലും ഇത് എന്ത് എന്ന ചോദ്യമാവും മാനസിക അസ്വസ്ഥത സൃഷ്ടിച്ചത്.
             Wrangal Mutu എന്ന കെനിയക്കാരിയുടെ 'dutty water സ്ത്രീയുടെ ആകുലതകളുടെ പുനസൃഷ്ടിയാകുന്നു.dirty എന്ന വാക്ക് സര്‍വ്വ സാധാരണമാകുമ്പോള്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ സൃഷ്ടിക്ക് പ്രേരണയാകുന്നു.
dutty water
             ഇമ്മളെ ചെയുടെയും ശ്രീനാരയണന്‍റെയും ഫോട്ടോ കണ്ടിട്ടാണ് അങ്ങോട്ടൊന്ന് നോക്കിയത് അപ്പോഴതാ അവരിലോക്കെ വേറൊരുത്തന്‍ ഒളിഞ്ഞു നില്‍ക്കുന്നു 'between one shore and several others' എന്ന പേരില്‍' ഒരു ബംഗ്ലൂര്കാരന്‍റെ കരവിരുത്
             തിരോന്തരംകാരന്‍ സുമേഷിന്‍റെ കാലുകളുടെ പകുതിയും തലതിരിഞ്ഞ ഫര്‍ണ്ണിച്ചറുകളും എന്നെ ഓര്‍മ്മിപ്പിച്ചത് മുകുന്ദന്‍റെ 'ഡല്‍ഹിഗാഥ'യിലെ ചിത്രകാരന്‍ വാസുവണ്ണനെയായിരുന്നു. 



            മായ അരുള്‍ പ്രാസമെന്ന തമിള്‍ നാട്ടുകാരിയുടെ പേരിടാത്ത 'lenticular prints and holographic sticker'പ്രദര്‍ശനം ചെറിയ കുട്ടികള്‍ മുതല്‍ മുതിരന്നവരെ ആകര്‍ഷിക്കുന്നത് അതിലെ പത്തു കളറുകള്‍ തരുന്ന 3d effect തന്നെയാണ്.


           
            പാക്കിസ്ഥാന്‍കാരനും മോശമാക്കിയില്ല റഷീദ്‌റാണ നാട്ടില്‍ കിട്ടാവുന്ന സ്റ്റിക്കറൊക്കെയെടുത്തു വച്ചുണ്ടാകിയ language series ഉം അത്യാവശ്യം രസമുള്ളത് തന്നെ.അതിന്‍റെ അര്‍ഥതലങ്ങള്‍ മനസ്സിലായില്ലെങ്കിലും.

              കൊച്ചിയുടെ മനസ്സറിഞ്ഞു ഒന്നൊരുക്കാന്‍ ഒരു സ്കോട്ട്‌ലന്‍ഡ്കാരന്‍ തന്നെ വേണ്ടി വന്നു! ഡലന്‍ മാര്‍ട്ടോറല്‍,. അദ്ദേഹമൊരുക്കിയ കുഞ്ഞു മുറികള്‍ അതിലുണ്ടായിരുന്ന ചെറിയ സംഗീതോപകരണങ്ങള്‍,കൃഷ്ണ വിഗ്രഹം.സുഗന്ധവ്യഞ്ജനശബ്ദസംവിധാനം ഉലുവ ഇഞ്ചി,മഞ്ഞള്‍,കരുകപട്ട എന്നിവ ഉപയോഗിച്ചുള്ളതാണ്.സുഗന്ധവും ശബ്ദവും ഒരുമിച്ചു ചേരുന്ന നല്ല ഒരു അനുഭവം.
              

ബാക്കി ബിനാലെ വിശേഷങ്ങള്‍ പുറകെ                  

                      (തുടരും)