മുറിയിലേക്കെത്തുന്ന
വെളിച്ചത്തെ തടയിടാന്‍ പഴയ പത്രകടലാസുകളും തുണി കഷ്‌ണങ്ങളുമുപയോഗിച്ചുള്ള
ഒരു ശ്രമത്തോടെയാണ് അയാളുടെ അന്നത്തെ ദിവസമാരംഭിച്ചത്. തടസ്സങ്ങള്‍ക്ക്
വിധേയാരാവാത്ത സൂര്യരശ്മികള്‍ അങ്ങിങ്ങ് ചിതറി കിടന്ന് ജയിലറെന്ന നിലയിലെ
അയാളുടെ കാര്യപ്രാപ്തിയെ ചോദ്യം ചെയ്തു കൊണ്ടിരുന്നു.
ജയിലുകളുടെ നഗരമാണിത്.
നഗരത്തിന്‍റെ ഓരോ ഭാഗങ്ങളും അടയാളപ്പെടുത്തുന്നതും, ജീവിക്കുന്നതും
ജയിലുകളുടെ പേരിലാണ്. പരസ്പരം തിരിച്ചറിയാനായി ജയില്‍പുള്ളികളെ പോലെ
സാധാരണക്കാരനും നമ്പറുകളില്‍ അഭയം തേടിയിരിക്കുന്ന ഒരു നഗരം
നിശബ്ദതയെ ഏറ്റവും
മനോഹരമായി അനുഭവിക്കുന്ന ജയിലുകളിലൊന്നാണ് നഗരത്തിന്‍റെ അടിത്തട്ടിലുള്ള ഈ
കുഞ്ഞു ജയില്‍..,. ശാന്തരായ ജയില്‍ പുള്ളികളും സന്ദര്‍ശകരുടെ കുറവും(അഭാവം
എന്ന് തന്നെ പറയാം) പോസിറ്റീവായ ഒന്നായിട്ടും അവിടെ സ്ഥിരമായി
തങ്ങുന്നതില്‍ ജീവനക്കാര്‍ പൊതുവെ വിമുഖത കാട്ടിയിരുന്നു.നഗരത്തിലെ മറ്റു
ജയിലുകളില്‍ നിന്നുള്ള അകലവും അടിസ്ഥാനസൌകര്യങ്ങളിലെ കുറവുമായിരിക്കാം
അതിനു പിറകില്‍..
ജയിലറെന്ന നിലയിലെ
പതിവുശീലമായ ഉച്ചയുറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണമെങ്കില്‍ ടൌണില്‍
നിന്നും പലചരക്കുമായെത്തുന്ന ക്ലാര്‍ക്ക് വരികയോ അല്ലെങ്കില്‍
സ്വപ്നങ്ങള്‍ക്ക് ഭംഗം വരുകയോ വേണം.ഇവ രണ്ടും സംഭവിച്ചില്ലെങ്കില്‍ അയാളുടെ
ഉച്ചയുറക്കം രാത്രി വരെ നീണ്ടേക്കാം
പുതുതായി ഘടിപ്പിച്ച
വിജാഗിരിയായിരുന്നിട്ടും വലിയ ശബ്ദത്തോടെ തുറക്കപ്പെട്ട വാതിലിലൂടെ
പതിവില്‍ നിന്നും വിപരീതമായി അന്നു കടന്നു വന്നത് ഒരു സ്ത്രീയും നാലോ അഞ്ചോ
വയസ്സ് പ്രായം തോന്നിക്കുന്നൊരു കുട്ടിയുമാണ്. അപ്രതീക്ഷിതമായി കടന്നുവന്ന
അതിഥികളെ കണ്ടു അന്ധാളിച്ച അയാള്‍ ബട്ടണുകള്‍ ശരിയാക്കുന്നതില്‍ വ്യഗ്രത
കാട്ടിയതിനാല്‍ മേശയിലുണ്ടായിരുന്ന ഒന്നു രണ്ടു ഫയലുകള്‍ താഴേക്കു വീണു.
“ഇരിക്കൂ”
,ഉപചാരവാക്കുകള്‍ അയാള്‍ മറന്നിട്ടില്ലായിരുന്നു.അയാളുടെ മേശക്ക്
മുമ്പിലുണ്ടായിരുന്ന ഇടത്തരം വലുപ്പമുള്ള ബെഞ്ചില്‍ അവര്‍ പതുക്കെയിരുന്നു.
“നിങ്ങളെ ഏതു വിധത്തിലാണ് ഞാന്‍ സഹായിക്കേണ്ടത്?” താഴെ വീണ ഫയലുകള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അയാളുടെ ചോദ്യം.
“ഞാന്‍ വളരെ ദൂരെ നിന്ന് നിങ്ങളെ കാണുവാന്‍ വന്നതാണ്.” മുഖഭാവങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെയായിരുന്നു അവളുടെ മറുപടി.
“ശരി നിങ്ങള്‍ക്കാരെയാണ് സന്ദര്‍ശിക്കേണ്ടത്”
“ആരെയുമല്ല താങ്കളെ തന്നെയാണ് എനിക്ക് കാണേണ്ടത്”
അയാള്‍ക്ക് ചിരി വന്നു.
വളരെ കാലത്തിനു ശേഷമാണ് അയാളൊന്നു ചിരിക്കുന്നത്.അതിനാല്‍ തന്നെ
ചിരിക്കുമ്പോഴുള്ള ചുണ്ടുകളുടെയും പല്ലുകളുടെയും സ്ഥാനം ശരിയായോ
എന്നയാള്‍ക്കൊരു സംശയവും തോന്നാതല്ല.
“അനുമതിപത്രമില്ലാതെ
ആരെയെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയതാണെങ്കില്‍ ഞാന്‍ തീര്‍ത്തും
നിസ്സഹയനാണ്.അവ കൂടിയേ തീരൂ.” ജയിലറുടെ ഭാവത്തിലേക്ക് അയാള്‍ പെട്ടെന്ന്‍
മാറി.
“നിസ്സഹായാവസ്ഥയിലിരിക്കുന്ന
മനുഷ്യരുടെ ഏകീകരണത്തെ തടയുകയല്ലേ നിങ്ങളുടെ ഈ ജയിലുകള്‍.,. അവിടത്തെ
അധിപനായ താങ്കള്‍ നിസ്സയഹായതയുടെ മൂടുപടം സ്വയം അണിയുകയാണോ?”
സന്ദര്‍ശകയുടെ വാക്കുകളിലെ ആവൃത്തിമാറ്റം അയാളെ ഒരേ സമയം ഭയവും ആകാംക്ഷയും നിറഞ്ഞ ഒരവസ്ഥയിലേക്കെത്തിച്ചു.
“വാക്കുകളിലെ കണിശതയും അവ
ഉപയോഗിക്കുന്നതിലെ കരുത്തും. നീയൊരു പത്രപ്രവര്‍ത്തകയാണെന്ന്
കരുതുന്നു.നിങ്ങള്‍ക്ക് കഥകളെഴുതാനും അന്വേഷണറിപ്പോര്‍ട്ടുകള്‍
തയ്യാറാക്കാനും ഒരു പാട് ജയിലുകള്‍ ഈ നഗരത്തില്‍ വേറെയുമുണ്ട്, എന്നെയും ഈ
കുഞ്ഞു തടവറയെയും വെറുതെ വിടുക “
അയാളിലുണ്ടായ സ്വരമാറ്റം
ആസ്വദിച്ചു അവള്‍ പറഞ്ഞു,
“നിങ്ങളൊരിക്കലും പോലീസാവേണ്ട ഒരാളല്ല, ഞാന്‍
പത്രക്കാരിയൊന്നുമല്ല.. നിങ്ങളുടെ സഹായം തേടി വന്ന ഒരു നിസ്സഹായയാണ്”
അവളുടെ വാക്കുകളിലെ
പരിഹാസത്തെ തള്ളികളഞ്ഞെങ്കിലും അവ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ജയിലര്‍
തയ്യാറായിരുന്നില്ല.. സന്ദര്‍ശക തുടര്‍ന്ന് കൊണ്ടിരുന്നു.
” കേള്‍ക്കുന്നവര്‍
ആച്ഛര്യപ്പെട്ടേക്കാമെങ്കിലും താങ്കള്‍ക്ക് വളരെ നിസ്സാരമായി സാധിച്ചു
തരുന്ന ഒരു ആവശ്യവുമായി വന്നതാണ് ഞാന്‍.,. എന്നെയും മകളെയും ഈ ജയിലില്‍
ബന്ധിതരാക്കണം”
അവളുടെ സംസാരത്തില്‍
ഇടപ്പെട്ട അയാള്‍ക്ക് ദേഷ്യത്തിനു തടയിടാന്‍ കഴിഞ്ഞില്ല “പരിഹാസം കുറെ
കൂടുന്നുണ്ട്,നിങ്ങള്‍ക്കിവിടെ നിന്ന് പോകാം”
“
നിങ്ങളെന്തിന് ഭയക്കണം.
വേശ്യയായോ കൊലപാതകിയായോ നിയമത്തിന്‍റെ ചങ്ങലകള്‍ പൊട്ടിക്കാതെഅവയിലൂടെ
പടിപടിയായെനിക്കിവിടെയെത്താം.. അതല്ല എന്നുണ്ടെങ്കില്‍ ഒരു തീവ്രവാദിയായി
കോടതികളെ മറികടന്നു നേരിട്ടുമെത്താം.പക്ഷെ എനിക്കിവിടെ പച്ചയായെത്തണം.
തുളച്ചു കയറുന്ന വേദനകളെ മനസ്സിനു അര്‍പ്പിക്കണം.. ശരീരത്തിന്
ഇരുമ്പ്കമ്പികളുടെ മണം നല്‍കണം.. പിറകോട്ട് നടക്കണം… ഒരു തെറ്റും ചെയ്യാതെ
ജയിലറകളില്‍ നീറിയിരിക്കണം. വിശപ്പും ദാഹവും കൊണ്ടിവള്‍ നിലവിളിക്കുമ്പോള്‍
നിങ്ങള്‍ അവളുടെ അമ്മയെ കാട്ടികൊടുക്കണം… വ്രണങ്ങളില്‍ പുഴുവരിച്ച
ഒറ്റമുറിക്കുള്ളിലെ നാറ്റമാണ് നിന്‍റെമ്മയെന്നു പറയണം”
അഞ്ചുവയസ്സുകാരിയായ ആ കുട്ടിയും അയാളും അവളെ ഒരത്ഭുതജീവിയെ പോലെ നോക്കുകയായിരുന്നു.
മുറിയിടെ
മൂലയ്ക്കുണ്ടായിരുന്ന ജാറില്‍ നിന്നും അയാള്‍ കുറേ വെള്ളം
കുടിച്ചു.ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ക്ക് തീരെ മനസ്സിലായില്ല
. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നതിനാല്‍ മുറിക്ക്
വെളിയിലേക്കിറങ്ങി നിന്നു.
പലചരക്ക് വണ്ടിയുടെ മുരള്‍ച്ച കേട്ടതിനാല്‍ അയാള്‍ സ്റ്റോക്ക് പുസ്തകവുമായി വണ്ടിയുടെ അടുത്തേക്ക് പോയി..
“എന്താ സാര്‍ ഇന്ന് നേരത്തെയെഴുന്നേറ്റോ?” അയാളുടെ പതിവില്ലാത്ത വരവ് കണ്ടു ക്ലാര്‍ക്ക് ചോദിച്ചു..
“വല്ലാത്ത തലവേദന ,തല പൊട്ടിപൊളിയുന്നത് പോലെ തോന്നുന്നു.”
“എന്നാല്‍ സര്‍ പോയി കിടന്നോളൂ ..ഞാന്‍ രജിസ്റ്റര്‍ അവിടെയെത്തിക്കാം”
“അതു സെക്യൂരിറ്റിയുടെ കൈയ്യിലേല്‍പ്പിച്ചാല്‍ മതി” ക്ലാര്‍ക്കിനോടു യാത്ര പറഞ്ഞു അയാള്‍ ധൃതിയില്‍ മുറിയിലേക്ക് തിരിച്ചു നടന്നു.
അപ്പോള്‍
ചുരുട്ടിവെച്ചിരുന്ന ഏതോ ഒരു പുസ്തകം നിവര്‍ത്തുകയായിരുന്നു അവള്‍. അയാളെ
കണ്ടതും അതില്‍ നിന്നും രണ്ടു വരി അവള്‍ പതുക്കെ ചൊല്ലി.
കറുത്തുരുണ്ട അതിലെ
എഴുത്തുകാരന്‍റെ പേര് അയാളെ തുറിച്ചു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
അത് അയാളുടെ തന്നെ പേരായിരുന്നു. ഒരു പുസ്തകം പോലും വായിക്കാത്ത ഒരാളുടെ
എഴുത്തിന് വേണ്ടി ചോര നിറമുള്ള മഷി പുരളുന്നത് ചരിത്രത്തിലെ നിരന്തര
കാഴ്ചയാണ്.. അങ്ങനെയുള്ള ഒരുവന്‍റെ ജീവനാണ് ആ കവിതകള്‍.
അടിച്ചു പരത്തിയ അവന്‍റെ
കവിതകളില്‍ നിന്നും ഉതിര്‍ന്നു വീണ വിപ്ലവങ്ങള്‍ നൂറ്റി പതിനാലാം മുറിയില്‍
നരച്ചു തൂങ്ങി കിടപ്പുണ്ടായിരുന്നു.ഫില്‍ട്ടര്‍ ചെയ്ത ആ കവിതകള്‍ പുറം
ലോകം കണ്ടത് ജയിലറുടെ പേരിലാണെന്നതില്‍ നിന്ന് തന്നെ കവിതകള്‍ പേറിയ
മുറിവുകളുടെ ആഴം വെളിവാക്കുന്നു. സ്വത്വം നഷ്ടപ്പെട്ട കവിതകളുടെ പിതാവിനെ
തേടി ഇത്ര പെട്ടെന്ന് ഒരാള്‍ തന്നെ തേടി വരുമെന്ന് അയാള്‍ ഒട്ടും
പ്രതീക്ഷിച്ചില്ല.
അവളുടെ നോട്ടത്തിന്‍റെ
തീക്ഷ്ണതയാല്‍ നിരാകരണത്തിനുള്ള വിദൂര സാധ്യത പോലുംതനിക്ക്
നഷ്ടമാകുന്നുവെന്നു അയാള്‍ തിരിച്ചറിഞ്ഞു. വിപ്ലവ സൂര്യനെ മറയ്ക്കാന്‍
കറുത്തപുകകള്‍ക്ക് കഴിയുമെന്ന് കരുതിയ വര്‍ഗ്ഗത്തിന്‍റെ പഴക്കം ചെന്ന
ട്രെക്കുകളിലൊന്നില്‍ മരണത്തിലേക്ക് യാത്രയായ അവനെ പറ്റി അയാളെന്തു
പറയാന്‍?
“അവന്‍റെ തിരിച്ചു വരവ്
ഞാനൊരിക്കലും പ്രതീക്ഷിക്കുന്നില്ല. നിങ്ങളാല്‍ ബലാത്സംഗം
ചെയ്യപ്പെട്ടഅവന്‍റെ കവിതകളുടെ ഒരുതുണ്ട് തുണിയെങ്കിലും
ബാക്കിയുണ്ടെങ്കില്‍ തിരിച്ചു തരിക.
യാചനയും കരുത്തും ഒരുമിച്ചു
സംസാരിക്കുന്ന അവളുടെ വാക്കുകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി അയാള്‍
പതറി.
കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു..
കൈകള്‍ വല്ലാതെ വിറയ്ക്കുന്നു. ഞരമ്പുകളിലൂടെ ആ വിറയല്‍ കാലുകളിലേക്ക്
പടരുന്നുവെന്നു തോന്നിയതിനാല്‍ അയാള്‍ ഇറങ്ങിയോടി. അധികദൂരം ഓടാന്‍
കഴിയാതിരുന്ന അയാള്‍ മുറ്റത്തു വീണു പോയി. ഞാനൊരു തടവറയിലാണെന്ന് അയാള്‍
സ്വയം കരുതി.
ഒച്ചത്തില്‍ കവിത ചൊല്ലി കൊണ്ടിരിക്കുന്ന ജയിലറുടെ ഭ്രാന്തമായ
അവസ്ഥ കണ്ടു മറ്റുള്ളവര്‍ ഓടിവന്നു. ജീവിതത്തില്‍ അയാളെടുത്തൊരു ഒരേയൊരു
ജീവന്‍ അയാളിലേക്ക് തിരിച്ചെത്തുകയാണെന്ന് കരുതത്തക്ക വിധം
ഒച്ചത്തിലായിരുന്നു അയാളുടെ പ്രകടനം. കവിതകളുടെ ഒഴുക്കില്‍ നിന്നും അമ്മയും
മകളും അപ്രത്യക്ഷ്യമാവുന്നത് ആരും കണ്ടില്ല.. അറിയാന്‍ അവരാരും അവളെ
കണ്ടിരുന്നില്ലല്ലോ…
ജയാ,,ഒരുപാടായല്ലോ..
ReplyDeleteചരിത്രയുദ്ധങ്ങളുടെ കഥപറയുന്ന hollywood സിനിമകളിൽ കാണാവുന്ന ഒരു ദൃശ്യസങ്കേതമുണ്ട്.ഇരുണ്ട അന്തരീക്ഷവും മങ്ങിയതെങ്കിലും കലുഷമായ കാഴ്ചകളും പകർന്ന് മനസിനെയും ശരീരത്തേയും കനം വെപ്പിക്കുന്ന ഒരു ദൃശ്യവിനിമയ രീതി.
അതുപോലൊന്ന് ഈ കഥയിലും കാണാനാവുന്നു . മനസിൻറെ പ്രശാന്തതകളിലേക്ക് അലഞ്ഞ് കയറി വരുന്നു നൂറ്റിപതിന്നാലാം മുറിയിൽ നരച്ച് തൂങ്ങികിടപ്പുണ്ടായിരുന്നവൻ..
കുറെയായി എഴുതിയിട്ട് ..വായനയിലായിരുന്നു കുറച്ചു കാലം വെറുതെയിരിക്കുമ്പോള്‍ കഥയുടെ ദൃശ്യവല്‍ക്കരണം മനസ്സില്‍ കാണുന്നു
Deleteകഥ കൊള്ളാം. ഇഷ്ടപ്പെട്ടു
ReplyDeleteഅജിത്തേട്ടന്‍ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ ,,
Deleteകവിതകള്‍ വിരിയുന്ന ജയില്‍ സന്ദര്‍ശിച്ചു.
ReplyDeleteനന്ദി റാംജിയേട്ടാ
ReplyDeleteഇഷ്ട്ടപ്പെട്ടു
ReplyDeleteവായനക്ക് നന്ദി
Deleteഒരു സിനിമ കണ്ട പോലെ തോന്നിക്കുന്ന എഴുത്ത്... ഈ നല്ല കഥയ്ക്ക് എന്റെ ആശംസകൾ...
ReplyDeleteനന്ദി സുഹൃത്തെ
Delete