ജാലകം

ജാലകം

Wednesday 20 March 2013

രമണന്‍ രണ്ടാമന്‍ ,.. വായന

രമണന്‍ രണ്ടാമന്‍ 
നോവല്‍ 
എം കെ ഖരീം.


              
             മുഖപുസ്തകങ്ങളിലെ കുറിപ്പുകള്‍ വായിച്ചു അപ്പോള്‍ മനസ്സില്‍ തോന്നുന്ന ഒരു കമന്‍റുമിട്ടു രക്ഷപ്പെടുന്ന താല്‍ക്കാലിക പ്രതിഭാസം നോവല്‍വായനയില്‍ നടക്കുകയില്ലല്ലോ? ഓരോ വാക്കുകളും മറ്റൊന്നിലേക്ക്  തുറന്നു തരുന്ന വഴികളും അതോടൊപ്പംതന്നെ വേറൊന്നിന്‍റെ  തുടര്‍ച്ചയുമാകുമ്പോള്‍ പ്രത്യേകിച്ചും. വിലകൂടിയ വാക്കുകള്‍ വിളക്കി ചേര്‍ത്ത് അക്കാദമിക്‌ പണ്ഡിതന്‍മാര്‍ ഇവനെ ഏറ്റെടുക്കും മുന്‍പ്‌ നമുക്ക് വായിക്കാം.

          എം കെ ഖരീം അദ്ദേഹത്തിന്‍റെ ഒരു നോവലും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. എന്ത് വായിക്കണം എന്നു പോലും വേറൊരാള്‍ തിരുമാനിക്കുന്ന കാലത്ത് എഴുത്തുകാര്‍ തങ്ങളുടെ വെളിച്ചം കാണാത്ത സൃഷ്ടികള്‍ക്കുള്ളില്‍ ചിതല്‍ പുറ്റുകളായും മാറിയിട്ടുണ്ട്. ഫേസ്ബുക്ക് പരിചയപ്പെടുത്തിയ എഴുത്തുക്കാരന്‍റെ രചന   മറ്റു ‘പ്രമുഖ’ നോവലുകളെക്കാള്‍ മുന്‍പേ എന്നെ  വായിക്കാന്‍ പ്രേരിപ്പിച്ചതും എന്നിലെ ഒരു റിബലായിരിക്കണം.. ‘രമണന്‍ രണ്ടാമന്‍’ പേരില്‍ തന്നെ മരണത്തിന്റെ ഗന്ധമുള്ള പ്രണയം അലയുന്നില്ലേ? അങ്ങനെ ഒരു നാമകരണം ചെയ്തത് തിരിച്ചറിയപ്പെടാന്‍ വേണ്ടി മാത്രം എന്നു പറയുന്ന നോവലിസ്റ്റ് തന്നെ പ്രണയിക്കുക എന്നത് നുണയാണെന്നും പ്രണയത്തിലാകുക എന്നതാണ് സത്യമെന്നും പ്രണയത്തിലാവുന്നതോടെ  നാം എല്ലാത്തരം മലിനതകളില്‍ നിന്നുള്ള മോചനം തേടുമെന്നും ഓര്‍മ്മിപ്പിക്കുന്നു...

         ജാവേദും മീരയും അല്ലെങ്കില്‍ ജാവേദും സാവിത്രിയും തമ്മിലുള്ള സംവാദം മാത്രമല്ല അവന്‍റെ കഥാപാത്രങ്ങളായ വേണുവും ആതിരയും തമ്മില്‍ ഗ്ലാഡിനും എലിസബത്തും തമ്മില്‍..,... ജീവിതങ്ങളിലെ പ്രണയങ്ങള്‍.., രക്തസാക്ഷിത്വം. അവരോടൊപ്പം ഭ്രാന്തമായ ലോകത്ത് അലറുന്ന അപരനെ തിരിച്ചറിയാനാവാതെ അവന്‍ ജാവേദ്‌..,.വേണുവും ആതിരയും ഗ്ലാഡിനും ചിന്തകളില്‍ അവനോട് തര്‍ക്കിക്കുന്നു സ്വപ്നങ്ങളില്‍ കൂട്ടു കിടക്കുന്നു.. നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് പിന്തിരിഞ്ഞു നോക്കിയേ പറ്റൂ പ്രണയം അത്രക്കുമേല്‍ തീവ്രമാണ് ജീവിതവും...

         കഥയിലെ നായകനെ ഖരീം വിശേഷിപ്പിക്കുന്നത് 'മുറിവേറ്റപക്ഷി' എന്നാണ്, "ഉണങ്ങാത്ത വ്രണവുമായി നടക്കുന്നവന്‍,ആ വ്രണത്തിലാണ് എഴുത്ത്, അതില്ലെങ്കില്‍ പിന്നെ മരവിപ്പ്.എഴുതാതിരിക്കുകയെന്നാല്‍ മരിച്ചു പോകുക എന്നുതന്നെ". ജാവേദും ഖരീമും ഒന്നുതന്നെയല്ലേ നാം സംശയിച്ചു പോകും .. "പെണ്ണിനെ അടിമയാക്കുന്നതല്ല പ്രണയം,നിന്‍റെയൊക്കെ പ്രണയത്തിന് നാപ്കിന്‍റെ വിലപോലും ഞാന്‍ തരില്ല" സരയുവിന്‍റെ കാര്‍ക്കിച്ചു തുപ്പല്‍ ആരുടെയെല്ലാം മുഖത്താണ് ചെന്നു പതിക്കുന്നത്.          
          
          ബാബമാരുടെ ലിംഗം തിരയുമ്പോള്‍ വിശ്വാസവും അവിശ്വാസവും , സാംസ്കാരിക അധിനിവേശം വരുമ്പോള്‍  വായനക്കാരനും നോവലിസ്റ്റും   എല്ലാം ഒരു വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടത് തന്നെ. ചിന്തകളുടെ പ്രവാഹം നൂറ്റി മുപ്പത്തി നാല് പേജുള്ള ഈ ചെറിയ നോവല്‍ എനിക്ക് ഒറ്റയിരുപ്പില്‍ വായിക്കുന്നതിനെ തടയിട്ടു എന്നുള്ളത് ഒരു സത്യമാണ്. അതു ഒരു പോരായ്മയായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാം.  വായനക്കാരന്‍റെ മൃദുല വികാരങ്ങളെ സന്തോഷിപ്പിക്കാനുതകുന്ന വിധത്തില്‍ രചനകളെ രൂപപ്പെടുത്തിയാല്‍ എഴുത്തുകാരന്‍ ഭീകരമായ കീഴടങ്ങലിനു വിധേയനാകും. ഏഴുത്തുകാരന്‍ പരമമായ സ്വാതന്ത്രം തേടുകയാണ്. ഖരീം ആ സ്വാതന്ത്രത്തെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി എന്നു വേണം പറയാന്‍.,. 


      രമണന്‍മാര്‍ എന്നും പുനര്‍വായനക്ക് വിധേയരായി കൊണ്ടിരിക്കും, ചങ്ങമ്പുഴ ഒരു ആരംഭമാണ്‌,.വായനയിലൂടെ നമ്മളും ആ വഴികളില്‍ കൂടി  കാലവും ദേശവും മറന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിശാഫലകങ്ങളായി വഴിവക്കില്‍ ഖരീമുമാരും.. 
  

      
       

              

10 comments:

  1. ആദ്യം ഒരു വലിയ നന്ദി അറിയിക്കട്ടെ ഈ പരിചപ്പെടുത്തലിന്...
    വായിക്കണം
    ആശംസകൾ

    ReplyDelete
    Replies
    1. ഷാജു ആ വലിയ നന്ദിക്ക് എന്‍റെ സ്നേഹമിട്ടായി.....

      Delete
  2. വായിച്ചില്ല വായിക്കാന്‍ ശ്രമിക്കും .പരിജയ പെടുതിയത്തില്‍ നന്ദി

    ReplyDelete
  3. നന്ദി ചേച്ചി.... വായിക്കാന്‍ ശ്രമിക്കുക

    ReplyDelete
  4. നാട്ടില്‍ എത്തിയാല്‍ വായിക്കാന്‍ ഒരുപാട് പുസ്തകങ്ങള്‍ ആയി.
    പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  5. അത് ശരിയാ എപ്പോഴും ഇങ്ങനെ കുറെ പുസ്തകം കാണും നാട്ടിലെത്തിയാല്‍ വായിക്കാന്‍...നല്ലൊരു അനുഭവം തന്നെയ്യ അത്

    ReplyDelete
  6. വായിച്ചുനോക്കാം അല്ലെ?

    ReplyDelete
    Replies
    1. ഒന്നു വായിച്ചു നോക്കെന്നേ....

      Delete
  7. രമണൻ രണ്ടാമനെ കുറിച്ച് താങ്കൾ എഴുതിയത് വെട്ടത്തിൽ വായിച്ചു..
    ഒരെഴുത്തുകാരൻ അവന്റെ എഴുത്തിന്റെ റിസൽറ്റ് അറിയുന്നത് വായനക്കാരിൽ നിന്നാണ്.. സുഹൃത്തേ താങ്കളുടെ ഈ വരികൾ എനിക്ക് ഊർജമാണ്.. സ്നേഹം..

    ReplyDelete
    Replies
    1. എഴുത്തുകാരന്‍റെ ഊര്‍ജ്ജം എന്നും വായനക്കരനായിരിക്കും.. വായനക്കാരന്‍റെ ഊര്‍ജ്ജം നല്ല എഴുത്തുകളും

      Delete