ജാലകം

ജാലകം

Friday 28 June 2013

ആരാച്ചാര്‍......

        
           മീരയെ പോലെ ഞാന്‍ പിന്തുടരുന്ന മറ്റൊരു നവതലമുറ എഴുത്തുകാരിയില്ല ...മീരയുടെ ഒരു കഥ കൂടി ഇന്നു ഞാന്‍ വായിച്ചിരുന്നെങ്കില്‍ അവരുടെ അടിമയായി ഞാന്‍ മാറിയേനേ. വായനക്കാരന്‍ കഥകളിലേക്കിറങ്ങുമ്പോള്‍ അതിലേക്ക് പൂര്‍ണ്ണമായും  അലിയേണ്ടത് തന്നെയാണ്. അത്തരമൊരു ഘട്ടത്തിലാണ് പുറത്തേക്കുള്ള വഴികള്‍ എനിക്കന്യമാക്കി അവരുടെ സംഹാരതാണ്ഡവം....
         ആരാച്ചാര്‍ക്ക് മരണത്തിന് ഗന്ധമായിരിക്കും.. ഒരു ആരാച്ചാരെയും നേരിട്ട് കണ്ടില്ലെങ്കില്‍ കൂടി നമുക്കത് ഊഹിക്കാം.. അനുഭവിച്ചറിയണമെങ്കില്‍ മീരയുടെ 'ആരാച്ചാര്‍' തന്നെ വായിക്കണം... ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്‍റെ ഇരകളാക്കുന്നു എന്നു കാണിച്ചു തരികയാണ് എന്നു ഡി സി ക്കാര്‍ പുറം ചട്ടയില്‍ പറയാനും ,സ്ത്രീവാദപരമായ ഒരു വിശകലനത്തില്‍ ബോധപൂര്‍വ്വം വിട്ടു നില്‍ക്കാന്‍ ശ്രമിയ്ക്കും തോറും അതിലേക്കു തന്നെ ഏതൊരു വായനക്കാരിയെയും കുരുക്കിയിടുന്നു എന്നത് തന്നെയാണ് ഈ കൃതിയുടെ വിജയം എന്നു 'സംഘടിത'യില്‍  ഉഷാകുമാരി ചേച്ചിയെഴുതാനും കാരണം ...ഒരു പാട് തലങ്ങളിലൂടെ വിഭിന്നദിശകളിലൂടെ സഞ്ചരിക്കുന്ന ഈ നോവലിന്‍റെ ബഹുസ്വരതയാണ്... 

                          കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലെഴുതപ്പെട്ട ഈ നോവല്‍   വായനക്കാരനെ പിടിച്ചുനിര്‍ത്തുന്നു... അപരിചതമായ പ്രമേയവും എഴുത്തിലൂടെ മാത്രം കണ്ട കൊല്‍ക്കത്തയുടെ പരിചയതയും മീരയുടെ അസാമാന്യ രചനാ പാടവും ഒത്തു ചേരുമ്പോള്‍ രണ്ടായിരത്തി പന്ത്രണ്ടിലെ മാത്രമല്ല നോവല്‍ചരിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണിത്...  "ആരുടെയെങ്കിലും മരണം എല്ലാവര്‍ക്കും ആവശ്യമുണ്ട് - സ്വന്തം അധികാരം അടയാളപ്പെടുത്താന്‍ "... അധികാര കേന്ദ്രങ്ങളുടെ  അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്നവന് ശരിയും തെറ്റും തിരിച്ചറിയാനാവാതെ പകച്ചു നില്‍ക്കുമ്പോള്‍ വ്യവസ്ഥയെ ആധാരമാക്കി തെറ്റും ശരിയും ചൂണ്ടി കാണിക്കുന്ന ഭരണകൂടവും നീതിപീഠവും..  തൂക്കുക എന്ന കര്‍മ്മം മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ... നിര്‍ദേശിക്കുന്നത് കോടതിയാണ്..ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെയെന്നു  ചേതന വാക്കുകളിലൂടെ കാണിച്ചു തരുന്നു .. നിങ്ങള്‍ക്ക് ചേതനയെ ഭാരത സ്ത്രീത്വത്തിന്‍റെയും സ്വാഭീമാനത്തിന്‍റെയും പ്രതീകമായി കാണാം എങ്കിലും അവള്‍ ജനിച്ചു വീണ മണ്ണില്‍ ജീവിതം വരയ്ക്കാന്‍ കെല്‍പ്പില്ലാതെ വരയ്ക്കപ്പെട്ടവരായി മാത്രമിരിക്കുന്ന ജീവിതങ്ങളുടെ പ്രതീകമാണ്...

                 വര്‍ത്തമാനങ്ങള്‍ ഇന്നലെയുടെ തുടര്‍ച്ചയാണ്‌..,...  നോവലിന്‍റെ  സഞ്ചാരത്തില്‍ ചരിത്രത്തിനുള്ള പങ്കു നിസ്സാരമല്ല...ഉപകഥകളിലൂടെ വെളിയില്‍ വരുന്നവര്‍ ഇന്നിന്‍റെ ലോകത്ത്‌ അന്നത്തേക്കാള്‍ ശക്തിയായി ഇടപ്പെടുന്ന കാഴ്ച അതിമനോഹരമാണ്..  ക്രിസ്തുവിനും നാന്നൂറ്റി ഇരുപതു കൊല്ലം പിറകിലുള്ള വേരുകളിലൂടെ പിങ്കളകേശിനിയും അശോകനും നേതാജിയും പിന്നീട് ഗംഗയിലെ വഴുക്കലുള്ള ജലകണികകള്‍പോലെ കാലത്തിന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു കറുത്തമണ്ണില്‍ ലയിച്ചു ചേര്‍ന്ന സുല്‍ത്താന്‍മാരും നമുക്ക് മുന്നിലൂടെ നടന്നു നീങ്ങുന്നു. അവയിലൂടെ ലോകത്തിന്‍റെ ഗതിവികാസങ്ങളെ വ്യക്തിപരമായ ചരിത്രങ്ങളില്‍ നിന്നും സാമൂഹികപരമായ ചരിത്രങ്ങളുടെ പട്ടികയിലേക്ക് അവ പോകുന്നു....
 പൊളിച്ചെഴുതപ്പെടേണ്ടവയുടെ മുഖത്ത് നോക്കി ചിരിക്കുകയും അവ വലിച്ചു കീറപ്പെടേണ്ടവയെന്നു നമ്മെ ഓര്‍മ്മിപ്പിക്കാനും ചേതനയുടെ സംഭാഷണങ്ങള്‍ക്ക് കഴിയുന്നു,,...  

                      സമകാലീനയിലൂടെ ഒഴുകുന്ന കഥക്ക് സഞ്ജീവ് കുമാര്‍ മിത്ര അത്യന്താപേക്ഷിതമായ ഒരു കഥാപാത്രമാണ്... റേറ്റിംഗിനായി കസറത്തുകള്‍ സാധാരണമാകുമ്പോള്‍ സന്ജീവ് അതിസാധാരണമായി പോകാം,..  "സുഗന്ധമെന്തെന്നറിയില്ലെങ്കില്‍ സ്നേഹത്തിന്‍റെ പൂന്തോപ്പില്‍ പ്രവേശിക്കാതിരിക്കുക" റൂമിയുടെ പ്രണയമല്ല ഉപഭോഗസമൂഹത്തിന്‍റെ പ്രണയം അവ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമായ വാക്കുകളിലോ  ശാരീരികമായോ നിര്‍മ്മിക്കപ്പെട്ട ഒന്നു   മാത്രമാണ്‌,. 
" നിന്നെ ഒരിക്കലെങ്കിലും എനിക്കനുഭവിക്കണമെന്നു" രഹസ്യമായ പറയുന്ന അവന്‍ ഉഷാകുമാരി  പറയുന്നത് പോലെ ഭീരുവല്ല .സമൂഹം അവളോട്‌ ഉച്ചത്തില്‍ പറയുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍  മാത്രമാണ് അവന്‍ നടത്തുന്നത് ... അവിടെ അയാള്‍ ആരുടെയോക്കെയോ പ്രതിനിധിയായി മാറുന്നു.. ചേതന അവനില്‍ പ്രണയം തേടാനും അതൊരു കാരണമായേക്കാം 


                      "ഒരേ സമയം സുനിശ്ചിതവും അനിശ്ചിതവുമായ പ്രതിഭാസമാണ് മരണം".... മരണത്തെ നിര്‍വചിക്കാന്‍ നാനൂറ്റി അന്‍പത്തിയൊന്നു പേരെ തൂക്കുകയും അതിലേറെ മരണങ്ങളുടെ സഞ്ചാരം നീം തല ഘട്ടില്‍ കാണുകയും ചെയ്ത ഫണിഭൂഷണ്‍  ഗൃദ്ധാ മല്ലിക്കിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ല...അയാളെ പോലെ നമ്മളും മരണത്തിന്‍റെ നിര്‍വചനങ്ങള്‍ തേടികൊണ്ടിരിക്കും...

                       ആരാച്ചാര്‍ ഒരു സ്ത്രീപക്ഷ രചനയാണോ എന്നു ചോദിച്ചാല്‍ എനിക്ക്മറുപടിയുണ്ടാകില്ല..മുന്‍പ് പറഞ്ഞ ബഹുസ്വരത ഒരു കാരണമായേക്കാം. "പുരുഷന്‍റെയും കുഞ്ഞുങ്ങളുടെയോ ആടയാഭരണങ്ങളുടെയോ പേരിലല്ലാത്ത ആനന്ദം സാധ്യമാണെന്ന്   വിശ്വസിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത ഒരു സമൂഹം നമുക്കു പുറകിലുണ്ടായിരുന്നു... അന്നപൂര്‍ണ്ണയിലും ഉണ്ടായിരുന്നു ഒരു നിശബ്ദ പോരാട്ടം...


                        ഉപകഥകളുടെ ആധിക്യം നോവലിന്‍റെ മുന്നോട്ടുള്ള വായനയെ സുഗമമാക്കുന്നില്ല എന്നു ചെറുതായ വിമര്‍ശനം ഇവ നേരിടുന്നുണ്ടെങ്കിലും "കണ്ണിന്‍ മുന്നില്‍ കാണുന്നതെല്ലാം ആവര്‍ത്തങ്ങളാണെന്നു" പറഞ്ഞുകൊണ്ടു മാനെദൊ അതിനു മറുപടിയും നെയ്യുന്നു... 

       " ജോഡി തോര്‍ ഡാക് ഷുനെ കേവു ന അഷെ തോബെ ഏക്‌ല ഛലോരെ" നിന്‍റെ വിളി കേട്ടു ആരും വരുന്നില്ലെങ്കില്‍ തനിച്ചു തന്നെ പോവുക.... ടാഗോറിന്‍റെ വരികള്‍ ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു.ഈ നോവലിനെ കുറിച്ച് പറയാന്‍ ഇനിയും ഒരുപാട് ബാക്കി. വായിക്കപ്പെട്ട നോവലിലേക്ക് ഒരു പേരു കൂടി ആരാച്ചാര്‍.,. അവ സമ്മാനിച്ച നല്ല അനുഭവങ്ങളുമായി ഒരു പുതിയ രചനയെ  കാത്തിരിക്കുന്നു..

6 comments:

 1. വാരികയില്‍ വന്നപ്പോള്‍ ചില ഭാഗങ്ങള്‍ വായിച്ചിരുന്നു
  ഒരു ബംഗാളിനോവലിന്റെ വിവര്‍ത്തനമാണെന്ന് ആദ്യം ഓര്‍ത്തു.

  ഇനി പൂര്‍ണ്ണമായി വായിയ്ക്കണം

  ReplyDelete
  Replies
  1. പൂര്‍ണ്ണമായി വായിക്കണം ..നല്ലൊരു അനുഭവം തരും

   Delete
 2. വായിച്ചിട്ടില്ല
  വായിക്കണം

  ReplyDelete
  Replies
  1. വായിച്ചിട്ട് അഭിപ്രായം പറയൂ ...

   Delete
 3. നല്ല വായന

  ReplyDelete
 4. നജീബ്ക്കയെ കാണാനില്ലല്ലോ?????

  ReplyDelete