ജാലകം

ജാലകം

Monday 31 December 2012

മ്യൂസിയം.....
ചരിത്രത്തിന്‍റെ തടവറകളാണ്
മ്യൂസിയങ്ങള്‍...


പാര്‍ലമെന്റിന് പിറകിലുള്ള
ഇടവഴിയിലെ                    
മ്യൂസിയത്തിലെത്തിയ
ശ്രവ്യോപകരണമാണ്
ഇന്നത്തെ വാര്‍ത്തവിഷയം....

പിച്ചിചീന്തപ്പെട്ടവരുടെ
നിലക്കാത്ത നിലവളികളുടെ
വന്യമായ ശേഖരം.....


ആവൃത്തി വ്യതിയാനനിയമമനുസരിച്ച്
ശബ്ദങ്ങളുടെ 
ജാതിയും ക്ലാസ്സും
നിര്‍ണ്ണയിക്കാമെന്നു 
വിദഗ്ധര്‍....,.....

കോര്‍പ്പറേറ്റുകളും
രാഷ്ട്രീയക്കാരും
പട്ടാളക്കാരന്‍റെ ബൂട്ടുകളും
തീര്‍ക്കുന്ന ജുഗല്‍ബന്ദികള്‍...,....

ചില ശബ്ദങ്ങള്‍ മ്യൂട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
കാലപഴക്കം
ചിലതിന്‍റെ
മേന്മ കുറച്ചിട്ടുണ്ട്.....
അവയെ അന്വേഷിച്ചു
പിറകെ ചരിത്രഗവേഷകരും.....


ക്രോഡീകരണത്തിലെ
കലയാകണം
തിരക്കുകള്‍ നിയന്ത്രിക്കുന്നത്‌.
എങ്കിലും
സിംഗപ്പൂരില്‍ നിന്നെത്തിയ
പുതിയ ശബ്ദത്തിനടുത്ത്
ആളുകളേറെയാണ്....
അവിടെ ഞാനുമെഴുതിവച്ചു
ഒരു കുറിപ്പ്.........


അനുബന്ധം: മ്യൂസിയത്തിലെ coming soon ലെ ചിത്രം രണ്ടു ആണ്‍കുട്ടികളെന്നഹങ്കരിച്ച എന്നെ ഭയചകിതനാക്കി
                               -                           ഒരച്ഛന്‍--- -

Saturday 29 December 2012

ജനുവിന്‍റെ തുരുത്ത്.... 
         "മൈതാനത്ത് ചിത്രം വരയ്ക്കുന്ന പതിനൊന്ന് പിക്കാസോമാരാണവര്‍"""""' വല്ലാത്തൊരു സൌന്ദര്യബോധവും കൃത്യതയുമുണ്ട് അവരുടെ ഓരോ നീക്കങ്ങള്‍ക്കും. 'നെഞ്ചോടടുപ്പിക്കുന്ന പന്തിന്‍റെ അനുഗ്രഹങ്ങളെക്കുറിച്ച്' ഒരു കളിയെഴുത്തുകാരന്‍ പറഞ്ഞതും ഓര്‍ത്തുപോകും .ബാര്‍സലോണയുടെ കളികള്‍ അത്രെമേല്‍ എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.പഴയ പാടവരമ്പത്ത് എന്നോടൊപ്പം കളിച്ച  അഖിലും ജിഷാനുമൊക്കെയായി മാറിയിരിക്കുന്നു സാവിയും ഇനിയെസ്റ്റയുമെല്ലാം.ഗാര്‍ഡിയോള വടക്കേ പറമ്പിലെ അശോകേട്ടനും.
     

          സെന്‍റര്‍ബാക്ക് കളിക്കാരനായിരുന്ന ഞാന്‍ മെലിഞ്ഞ കാലുകളിലെ ഊര്‍ജ്ജപ്രവാഹമായ മെസ്സിയെ ഇഷ്ടപ്പെട്ടത് വൈരുധ്യാത്മകമായിരിക്കാം പക്ഷെ അവള്‍ക്കിഷ്ടം സാവിയെയായിരുന്നു 'നീക്കങ്ങളുടെ സൂത്രധാരന്‍'. അതിലത്ഭുവുമില്ല അവളെന്നിലും ഇഷ്ടപെട്ടതും അതു തന്നെയല്ലേ!

          'ഐന്‍' എന്നൊരൊറ്റ നാടകത്തിലൂടെ ടൌണ്‍ഹാളില്‍ തുടങ്ങി അവിടെ തന്നെയവസാനിച്ച നാടകവിദ്യാര്‍ഥിയിലെ സൂത്രധാരന്‍......... ..' .മേതിലിന്‍റെ  കഥകളിലെ ഗൂഡസ്വഭാവവും, പിടികിട്ടാത്ത കഥാപാത്രങ്ങളും.....അവയെ നാടകവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആരോ പ്രസംഗിക്കുമ്പോള്‍ മേതിലിനെ വായിക്കാത്ത സൂത്രധാരന്‍ അവിടെ നിന്നിറങ്ങി മാനാഞ്ചിറയിലെത്തിയിരുന്നു.


          'ഗോള്‍...... ... ഗോള്‍ ' ഒച്ചത്തില്‍ കൂകി വിളിച്ച് അവള്‍ ആഘോഷിക്കുകയായിരുന്നു നൌക്കാമ്പിലും ആഹ്ലാധാരവങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. കറ്റാലന്‍ സുന്ദരിമാരുടെ അര്‍ദ്ധനഗ്നമേനിയിലേക്ക് ക്യാമറകള്‍ ഫോക്കസ് ചെയ്തു കൊണ്ടിരിക്കുന്നു. ക്യാമറ കണ്ണുകളുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള സ്വകാര്യചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു "അവനു സ്വന്തം കണ്ണുകളില്ല...പിറകിലിരിക്കുന്ന അപരന്‍റെ കണ്ണുകളിലൂടെ അവന്‍ കാണുന്നു.
 
         "നോ സണ്ണി നെവര്‍.... അങ്ങനെ  ഒരുത്തനെ മാത്രം കുരുതി കൊടുത്ത് നിങ്ങളെല്ലാം രക്ഷപ്പെടെണ്ട.... നീയുള്‍പ്പെടുന്ന പുരുഷാധിപത്യത്തിനു ഇന്നും ഞങ്ങള്‍ ചരക്കാണ് ഉപഭോഗ വസ്തുവാണ് അവരത് ഭംഗിയായി മാര്‍ക്കറ്റ്‌ ചെയ്യുന്നു".

         അതിനുശേഷം പലപ്പോഴായി എന്‍റെ സ്വതന്ത്ര ചിന്തകളും, അവളുടെ സ്ത്രീപക്ഷ ചിന്തകളും..... ഈ പ്രയോഗം പോലും തര്‍ക്കങ്ങല്‍ക്കു തുടക്കമായിട്ടുണ്ട്...

        ക്ലോക്കുകളിലെ സൂചികളുടെ നിരന്തര ചലനം രാത്രികളുടെ നിശബ്ദതയെ വല്ലാതെ ഭേദിക്കാറുണ്ടായിരുന്നു.സമയം പുലര്‍ച്ചെ മൂന്നു മണിയായിട്ടും ഡിജിറ്റല്‍ ക്ലോക്കുകള്‍ക്ക് ഭാവവ്യത്യാസമില്ല.ലോകത്തിന്‍റെ സൌന്ദര്യ നിരീക്ഷണം ഡിജിറ്റല്‍ ക്ലോക്കുകളെ പോലെ സാധാരണമായിരിക്കുന്നു.

      
    "നീന,അടുത്ത മാച്ചിനു ഞാന്‍ വരുമെന്നു തോന്നുന്നില്ല തുരുത്തിലേക്കൊന്നു പോകണം.....ജനുവിന്‍റെ തുരുത്ത്....നാടകങ്ങളും പുസ്തകങ്ങളുമല്ല ബാര്‍സയുടെ കളികളാണ് എന്നെയും നീനയെയും ഇപ്പോള്‍ കൂടുതല്‍ അടുപ്പിക്കുന്നതെന്നു തോന്നുന്നു...


       പുലര്‍ച്ചെയായതിനാല്‍ ബസ്സില്‍ തിരക്കു കുറവായിരുന്നു.ചന്ദനത്തിരിയുടെ മണവും പഴയ ഏതോ ഒരു ഭക്തിഗാനവും അമ്പല പ്രതീതി സൃഷ്ടിച്ചതിലാകണം ഒരുവന്‍ ചെവികളില്‍ ഇയര്‍ ഫോണ്‍ തിരുകിയത്........

........ ഞാന്‍ കണ്ണുകളടച്ചു അവളുടെ മണം ആവാഹിക്കാനുള്ള ഒരു വിഫല ശ്രമം നടത്തുകയും ചെയ്തു.....


ജനുവിന്‍റെ കഥ

       സ്വന്തം നാടിന്‍റെ രഹസ്യമറിയാത്തവന്‍ ലോകചരിത്രം പഠിക്കുന്നതിന്‍റെ അനൌചിത്യതയാകണം നാരാണന്‍ മാഷെ ഞങ്ങളെ തുരുത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്....

       അകലാപുഴയുടെ ഓളങ്ങള്‍ക്ക് ഇത്ര തണുപ്പുണ്ടെന്നും അവ എന്നിലേക്ക് അത്ര വേഗത്തില്‍ പടര്‍ന്നു കയറുമെന്നും ഒരിക്കലും കരുതിയിരുന്നില്ല...അത്രമേല്‍ നിശബ്ദമായിരുന്നു അവളുടെ  യാത്രകള്‍........,.....  എന്‍റെ ഹൃദയമേ............ തോണിയുടെ അരികില്‍ തട്ടി തെറിക്കുന്ന വെള്ളതുള്ളികളെ ഉള്ളം കൈയിലെടുത്തു അവളുടെ കുപ്പായത്തിലേക്ക് തെറിപ്പിച്ചപ്പോള്‍ അഞ്ജു തന്ന ആ നോട്ടമായിരിക്കണം എന്‍റെ ആദ്യ പ്രണയാനുഭവം അത്തരമൊരുപാട് അനുഭവങ്ങളുടെ തുടക്കവും ഒടുക്കവുമായിരുന്നു എനിക്കാ പുഴയും തുരുത്തും.....

       അത്ഭുതലോകത്തെത്തിയ കുട്ടികളുടെ ആര്‍പ്പുവിളികള്‍ക്കിടയിലും തങ്ങളുടെ ജോലികള്‍ നിശബദ്ധരായി ചെയ്തു കൊണ്ടിരിക്കുന്ന വൃദ്ധനും വൃദ്ധയും ...... ലോകത്തിന്‍റെ വൈവിധ്യവും സാധ്യതകളുമൊന്നും തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടിലെന്ന് അവരുടെ ഓരോ പ്രവര്‍ത്തിയും തെളിയിച്ചു..ആ തുരുത്തിലെ വീട്ടില്‍ ഒരു കുട്ടി കൂടെയുണ്ടെന്നും അവന്‍ തന്‍റെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നതെന്നും വളരെ വൈകിയാണ് ഞാനറിഞ്ഞത്..അവന്‍റെ രക്ഷാധികാരി എന്‍റെ മാഷായിരുന്നത്രേ......

      ഞാന്‍ ഏകാന്തതകളെ പ്രണയിക്കാന്‍ തുടങ്ങിയ കാലം...തുരുത്തിലെ ഏകാന്തതയുടെ കൂട്ടുകാരനെ കാണാന്‍ കാണാനിറങ്ങിയപ്പോഴാണ് അവന്‍ നാട് വിട്ടു പോയതറിഞ്ഞത്.ലോകത്തിലെ ഏറ്റവും വലിയ മണ്ടന്‍ അവന്‍ തന്നെയെന്ന് ഞാനുറപ്പിച്ചു.
       'ഏകാന്തത മനുഷ്യന്‍റെ ചിന്തകളെ ഉദ്ദീപ്പിക്കുന്നതിനോടൊപ്പം തന്നെ ചിലപ്പോള്‍ അവയെ മരവിപ്പിക്കുകയും ചെയ്യും'...

     നീനയുടെ കൂട്ടുകാരിയുടെ സമാന്തരമാഗസിനായുള്ള കഥ..... അന്വേഷണമെന്നെയെത്തിച്ച  നിഗമനമായിരുന്നു...തുരുത്തുകളുടെ രാഷ്ട്രീയം ...ആ രാഷ്ട്രീയമന്യമാക്കിയ രണ്ടുപേര്‍... അവര്‍ക്ക് വേണ്ടപ്പെട്ട മൂന്നാമതൊരുവന്‍./...........,.... ....നാലാമതായി ഞാനും....ജനുവിന്‍റെ കഥ......

 
     രണ്ടു ദിവസത്തിനു ശേഷമാണെന്ന് തോന്നുന്നു നീനയുടെ അപ്രതീക്ഷിത സന്ദര്‍ശനം...കൂടെ അവരുടെ മാഗസിന്‍ എഡിറ്ററും റഷ്യന്‍ ഭാഷയില്‍ ബിരുദാനന്തരബിരുദം ചെയ്യുന്ന വര്‍ഷയും .വലിയൊരു സര്‍പ്രൈസുമായാണവര്‍ എന്‍റെ മുന്നിലിരുന്നത്, ഞാനെഴുതിയ തുരുത്തിനോട് സാമ്യമുള്ള ഒരു റഷ്യന്‍ കഥ.....മൂന്നു ആളുകള്‍..,... നിശബ്ദനായൊരു നാലാമന്‍....,...
     

   അതെഴുതിയത് ഒരിന്ത്യന്‍ വംശജന്‍ കൂടിയാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഞെട്ടലിന്‍റെ കയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു പ്രസാധകരാണ് ആ കഥ പ്രസിദ്ധികരിച്ചത്..വര്‍ഷയുടെ രണ്ടു ദിവസത്തെ കഠിനപ്രയത്നം അവരുടെ മെയില്‍ ഐഡി ലഭിക്കാന്‍ ഇടയാക്കി.ആ കഥാകാരനെ തേടി ഒരു ഒഫീഷ്യല്‍ മെയില്‍ അയച്ചെങ്കിലും, യാതൊരു മറുപടിയിലും ലഭിക്കാത്തതിനാല്‍ എന്‍റെ സ്വന്തം കഥ തന്നെ അയച്ചു കൊടുത്ത് ഒരു പരീക്ഷണം ....,അത് വിജയിക്കുക തന്നെ ചെയ്തു.....

      കൊല്‍ക്കത്തയില്‍ നിന്നുള്ള അനിത ബിശ്വാസിന്‍റെ മെയില്‍ 'ആ കഥയുടെ യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണം'....നിഗമനം തെറ്റിയിരുന്നില്ല അതവന്‍റെ കഥ തന്നെയായിരുന്നു... ജനു.....

     റഷ്യയിലെ ഇന്ത്യന്‍ എംബസ്സിയില്‍ വര്‍ക്ക്‌ ചെയ്യുമ്പോഴാണ് അവനെ പരിചയപ്പെട്ടതത്രെ...എങ്കിലും അവന്‍റെയൊരു സംഭാഷണത്തിലും എന്‍റെ കഥാപാത്രം വന്നിലെന്നും ഒന്ന് രണ്ടു തവണ തന്‍റെയധ്യാപകന്‍റെ പേര് പറഞ്ഞെന്നും ബാക്കിയെല്ലാം തുരുത്തും...,അവന്‍റെ പുഴയും ...പിന്നെ....തുരുത്തിന്‍റെ സന്ധ്യകള്‍ സമ്മാനിച്ച സ്വപ്നലോകം തേടിയുള്ള യാത്രയില്‍ അവനു നഷ്ടമായ രണ്ടു താങ്ങുകള്‍......... ............
       
      അവന്‍റെ ഐഡിക്കായുള്ള എന്‍റെ ചോദ്യത്തിനു ഉത്തരം തന്നത് അവളുടെ അവസാന മെയില്‍ ആയിരുന്നു....'ഓര്‍മ്മയുടെ ആധിക്യം അവനെ രോഗിയാക്കിയെന്നും....ആ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള യാത്രയിലാകാം അവന്‍................................'........

...........................................................................................................................................
     എന്‍റെ ....അല്ല ഞങ്ങളുടെ തുരുത്തില്‍ അവന്‍ എന്നെങ്കിലും
വരും.....അവന്‍ പോലുമറിയാതെ അവന്‍റെയൊരു കൂട്ടുകാരന്‍....,.....
     നീന പറയാറുള്ളത് പോലെ 'എന്‍റെ മറ്റൊരു ഭ്രാന്ത്‌'..... മനോനില തെറ്റിയലോകത്ത്‌ ഇങ്ങനെയും ചില ഭ്രാന്തന്‍മാര്‍ വേണമല്ലോ?.............
      

      

Tuesday 25 December 2012

അമ്മ കരയുകയായിരുന്നു....

   
       അവള്‍ എന്‍റെ പെങ്ങളാണെന്നു പറഞ്ഞപ്പോള്‍ ഒരുത്തന്‍ കരണകുറ്റിക്കൊന്നു തന്നു.രണ്ടാമത്തവന്‍റെ  ചവിട്ടിനും മൂന്നാമത്തവന്‍റെ കുത്തിനും ഞാന്‍ വിധേയനായി....

      ഒന്നാമത്തവന്‍ അരുന്ധതിഫാനത്രെ...
രണ്ടാമത്തവന്‍ മധ്യവര്‍ഗക്കാരനാണെന്നു തോന്നുന്നു അവന്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു..... മൂന്നാമത്തവനെ മാത്രം കണ്ടില്ല ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ അവന്‍ അപ്രത്യക്ഷനായിരുന്നു........(നെരൂദയുടെ ഡയലോഗ് ബാക്ക്ഗ്രൗണ്ടില്‍) )
        വേദനയും പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ക്കിടയില്‍ അവളും, ഒരു കൂട്ടം മൌനികള്‍ക്കിടയില്‍ ഞാനും...ഒരാങ്ങളയും പെങ്ങളും......... അപ്പോഴും അമ്മ കരയുകയായിരുന്നു.......
    

Thursday 20 December 2012

നീ നിശബ്ദനാകുക... (ഒരു പ്രതിഷേധ കുറിപ്പ്)

   അന്നവരെന്നെ
   നഗ്നയാക്കുമ്പോള്‍
   കണ്ണുകളില്‍
   അറുത്ത്‌ മാറ്റിയ
   ഉമ്മയുടെ മാറിടവും
   കുഞ്ഞനിയന്‍റെ
   നിശ്ചേതനരൂപവും 


   ഇന്നുനിങ്ങളെന്നെ
   നഗ്നയാക്കുകയാണ്
   വീണ്ടും....
   കണ്ണുകളടക്കട്ടെ ഞാന്‍.... ...
   

    
  മോഡിസത്തിന്‍റെ 
  ഇസങ്ങളില്‍ 
  സ്വയം 
  അന്യരായവര്‍  
   

Friday 14 December 2012

അവളുടെ സ്വാതന്ത്ര്യം...   സ്വാതന്ത്ര്യത്തിനു ചിറകുകളുണ്ടെന്ന്
   ഞാന്‍.... 
   സ്വാതന്ത്ര്യത്തിനു 
   ജാതിയും,മതവും,ലിംഗവുമുണ്ടെന്നായി
   അവള്‍ 

   മലാലയും,പപ്പിലിയോ ബുദ്ധയും
   ഒറിജിനല്‍ ബുദ്ധനും ചിരിക്കട്ടെ!!

ലൈഫ് ലൈന്‍


  പയ്യോളി ഹൈസ്ക്കൂള്‍
  ശരിക്കുമൊരു 
  സര്‍വകലാശാലയാണ് 
  അവിടെ നീ വരച്ചിട്ട 
  രണ്ടു രേഖകളാണ് 
  ജീവിതത്തില്‍ ഞാന്‍ നേടിയ 
  ഏക ബിരുദം
  

  ഒരു ബിന്ദുവില്‍ നിന്നും 
  മറ്റൊരു ബിന്ദുവിലേക്ക് 
  സ്ഥിര പ്രവേഗത്തില്‍ 
  കൃത്യമായ ദിശയില്‍ 
  സഞ്ചരിക്കുന്ന 
  നേര്‍രേഖകള്‍..
    
  
  അളവുകോലുകലില്ലാത്ത
  മഹാ വിസ്ഫോടനങ്ങള്‍ ...
  അപ്രതീക്ഷിത അതിഥികള്‍
  സ്വാഗതമേന്തുന്ന
  വക്രരേഖകള്‍ ....Sunday 9 December 2012

സ്വയം അടയാളപ്പെടുത്തുക.....ഇതൊരു വിവാഹ പരസ്യമല്ല...


സ്വയം അടയാളപ്പെടുത്തുക ,
 
         പ്രിയ സുഹൃത്തുക്കളെ ,
 
                          സ്ത്രീധനവും ആര്‍ഭാടവിവാഹങ്ങളും സാമൂഹികവിപത്തായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആര്‍ഭാടരഹിത
സ്ത്രീധനരഹിത വിവാഹം ചെയ്യുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

                          സ്വയം അടയാളപ്പെടുത്തുക എന്ന സന്ദേശമുയര്‍ത്തി എന്‍റെ ഒന്നു രണ്ടു കൂട്ടുകാരും ഇത്തരം വിവാഹത്തിനു സന്നദ്ധത അറിയിച്ചിരിക്കുന്നു..

                          ഭ്രൂണഹത്യകളും സ്ത്രീധന പീഡനങ്ങളും ഒരു ചോദ്യചിഹ്നമായി നമ്മുക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സംസ്കാരത്തിന്‍റെ ആചാരത്തിന്‍റെ മറ പിടിച്ചു അതിനെ ആശ്ലേഷിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു സാമൂഹിക വിപ്ലവം തുടങ്ങേണ്ട സമയം ആഗതമായിരിക്കുന്നു...

ഞങ്ങള്‍ ചെയ്യുന്നത് ,
                          ജാതി രഹിത മതരഹിത സ്ത്രീധനരഹിത സമൂഹം സ്വപ്നം കാണുന്ന ഞങ്ങള്‍ വിവാഹചിലവിനായുള്ള പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നു.

നാം ചെയ്യേണ്ടത്,

                            സ്തീധനത്തിനും ആര്‍ഭാട വിവാഹത്തിനും എതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും,നെടുവീര്‍പ്പെടുകയും ചെയ്യുക മാത്രമല്ല സ്വയം അടയാളപ്പെടുത്തി സംസ്കാരിക നവോത്ഥാനത്തിന്‍റെ വര്‍ണ്ണവസന്തത്തില്‍ പങ്കാളിയുംകൂടി ആവുക....സ്ത്രീധന ആര്‍ഭാടവിവാഹത്തിന്‍റെ അപകട സാധ്യതകളെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മത സാംസ്കാരിക സംഘടനകളെ ബോധ്യപ്പെടുത്തി ഈ സാമൂഹിക വിപത്തിനെതിരെ അണിനിരത്താന്‍ സുസജ്ജരാക്കേണ്ട ഭാരിച്ച ചുമതലയും നാം സ്വയം ഏറ്റെടുക്കണം...

ഇന്നത്തെ യുവതയുടെ കരുത്തുറ്റ ജിഹ്വയായ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളെ ഫലപ്രദമായരീതിയില്‍ ഈ കാമ്പയിനു ഉപയോഗിക്കാവുന്നതാണ്.....

അനുബന്ധം:

ഇത്തരം ഒരു വിവാഹ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട പ്രാരംഭിക ചര്‍ച്ചക്കള്‍ക്കിടയില്‍ ഞങ്ങള്‍ സംസാരിക്കാനിടയായ കുറച്ചു പേര്‍ ഞങ്ങളോട് ഒരു ചോദ്യമുന്നയിച്ചു "നിങ്ങള്‍ക്ക് ആരു പെണ്ണ് തരും ?"

'അമ്മ അറിയാന്‍' എന്ന സിനിമയിലൂടെ ജോണ്‍ പറയുന്നുണ്ട് "അമ്മയെ ബോധ്യപ്പെടുത്താനാകാത്ത വിപ്ലവത്തെ പ്പറ്റി".......അതിനാല്‍ നമുക്ക് നമ്മുടെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം ...