ജാലകം

ജാലകം

Friday 22 February 2013

ഞാന്‍..,....ഒരു പ്രാന്തന്‍റെ ഡയറികുറിപ്പ്..... ചിന്തകള്‍ വേവും 
 മുമ്പേ എടുക്കണം....
 വെന്ത ചിന്തകള്‍ 
 കരയാറില്ല.....
 കരയണം....ചിരിക്കണം....
 ആര്‍ത്തട്ടഹസിക്കണം

 നീയാകരുത്....
 അതിനു മുന്നേ ഞാനാകണം.....
 അങ്ങനെ നീയില്ലാത്ത ഞാനും......
 ഞാനില്ലാത്ത നീയും....
 കളവാണത്....ഞാന്‍ കളവേ പറയൂ....
 കള്ളമില്ലാത്ത സത്യമേ മാപ്പ്......... 

Wednesday 20 February 2013

വിലക്കപ്പെട്ടവര്‍.........,......

           


            സഞ്ചരിക്കുന്ന വഴികളിലെ ഇരുട്ടിന്‍റെ സാന്ദ്രത തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ലെന്നമട്ടില്‍ എളുപ്പത്തിലായിരുന്നു അയാളുടെ മുന്നോട്ടുള്ള യാത്ര. ചെറിയ നഗരത്തില്‍ നിന്നും വലിയ നഗരത്തിലേക്കുള്ള വളര്‍ച്ചയില്‍ വടകരയ്ക്ക് പുതിയ അധിപന്‍മാരുണ്ടായപ്പോഴും ആരൊക്കെയോ മറന്നു വെച്ച ഈ കുടുസ്സു വഴിയോര്‍ത്ത് അയാള്‍ പലപ്പോഴും അത്ഭുതപെടാറുണ്ടായിരുന്നു. തന്‍റെ കടയില്‍ നിന്നും ബസ്സ്‌സ്റ്റാന്‍ഡിലെത്താന്‍ ദൂരം കൂടുതലുണ്ടായിരുന്നിട്ടും  ഈ വഴി തന്നെയാണ് അയാള്‍ എന്നും  യാത്രക്ക് തിരഞ്ഞെടുക്കാറ്.
          

               കോടതിയുടെ മുന്നിലായിട്ടായിരുന്നു അയാളുടെ ആയുര്‍വേദ മരുന്നുകട. ഇടതും വലതും വശങ്ങളില്‍ വസ്ത്രങ്ങളുടെ പുതിയ സൌധങ്ങള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ വെള്ളയില്‍ പച്ച മഷിയില്‍ എഴുതിയിരുന്ന നരച്ച  കടയുടെ ബോര്‍ഡ്‌ മാത്രമല്ല കട തന്നെ ഞെരുങ്ങിയതായി തോന്നി. പാരമ്പര്യത്തിലുള്ള കടത്തനാട്ടുകാരുടെ വിശ്വാസമാകണം അയാളുടെ കടയുടെ നിലനില്‍പ്പിന് കാരണം. പലരുടെയും വൈദ്യരെന്ന അഭിസംബോധന വൈദ്യരല്ലാഞ്ഞിട്ടും അയാളില്‍ അഭിമാനബോധമോ അപകര്‍ഷതയോ ഒന്നും സൃഷ്ടിക്കാറില്ല... മാറ്റത്തോട് വല്ലാത്തൊരു വിമുഖതയാണയാള്‍ക്ക്, ചിരിയില്‍ നിന്നും ദേഷ്യത്തിലെക്കോ മറ്റേതെങ്കിലും ഭാവത്തിലെക്കോ മാറാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. കൂടപിറപ്പായ നിസംഗത വലിയ വ്യത്യാസമൊന്നുമില്ലാതെ കൊണ്ടുനടക്കാന്‍  ശ്രമിക്കുന്നു. അയാള്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കു പോലും വേഗത വളരെ കുറവാണ്, ദിവസേനയുള്ള യാത്രയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങുകയും അവിടെ നിന്നു രണ്ടര കിലോമീറ്ററുകള്‍ നടന്നു കൊപ്പരക്കണ്ടത്തില്‍ എത്തുകയും ചെയ്യുന്ന ശീലത്തില്‍ ചെറിയൊരു മാറ്റം വരുത്തിയത് ഇപ്പോഴാണ് വിരളമായി ഒന്നു ജീപ്പ് സര്‍വീസില്‍  കയറും അത്ര മാത്രം. 
                


           നരച്ചു തുടങ്ങിയ ബാഗ് ചുമലിലിട്ടു കൈകള്‍ വീശിയുള്ള അയാളുടെ നടത്തം ഒരു തലമുറയുടെ സമയസൂചികയായിരുന്നു. കാലത്തിന്‍റെ നടത്തില്‍ സ്വന്തം സമയം മറന്നവര്‍ ഈ മനുഷ്യന്‍റെ സമയവും പതുക്കെ മറന്നിരിക്കുന്നു. നിശബ്ദത യുടെ സഹാചാരിയായിരുന്നവന്‍ നാട്ടിലെന്നും ഒരു കാണിയായിരുന്നു. നാലാള്‍ കൂടുന്നിടത്തെ അച്ചടക്കമുള്ള ശ്രോതാവ്‌. ആ നിശബ്ദത വീട്ടിലേക്കു കൂടി പരന്നതോടു കൂടിയാണ് സഹധര്‍മ്മിണി പശു വളര്‍ത്തിലേക്കും കുടുംബശ്രീയിലേക്കും തന്‍റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ചത്. 

                   കഴിഞ്ഞ കുറെ വര്‍ഷത്തെ ആഴ്ചപതിപ്പുകളെ ലക്കങ്ങളുടെ അവരോഹണ ക്രമത്തില്‍ അടുക്കി വെക്കുന്ന ഭാരിച്ച ജോലി ചെയ്തുകൊണ്ടിരിക്കുകയായതിനാല്‍ മുറ്റത്ത് നില്‍ക്കുന്ന പോസ്റ്റ്‌മാനെ അയാള്‍ക്ക് ആദ്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പോളിസിലെറ്ററുകളും ബാങ്ക് നോട്ടീസുകളും മാത്രം കൈകാര്യം ചെയ്തു ശീലിച്ചിരുന്ന പോസ്റ്റ്മാന്‍ അയാള്‍ക്ക് ആ കത്ത് അത്യാഹ്ലാദത്തോടെടെയാണ് നല്‍കിയത്, എന്നാല്‍ അയാള്‍ അതു മേശയുടെ മുകളില്‍ വെച്ച് തന്‍റെ ജോലിയില്‍ വ്യാപൃതനാകുകയാണ് ചെയ്തത്. രാത്രിയിലാണ് ആ കത്തിന്‍റെ ഓര്‍മ്മ തന്നെ അയാള്‍ക്ക്‌ വന്നത്.


പ്രിയപ്പെട്ട മാഷെ,

             തെന്‍റെ മാത്രം കഥയല്ല,ഞങ്ങളുടെ ജീവിതമാണ്.
"വെറുതെയൊന്നു ഈ വഴിക്ക് നടക്കാനിറങ്ങിയത് നന്നായി ഹജ്ജുമ്മയുടെ പറമ്പില്‍ അമ്മിണികുട്ടിയുണ്ട്എന്തെങ്കിലും വര്‍ത്താനം പറഞ്ഞിരിക്കാം, പക്ഷെ അവള്‍ക്കു പേടിയാണ് "ഇപ്പൊ പോനാരാണെട്ടന്‍ വരും ജാനകിയമ്മ വരും" അവള്‍ എല്ലാരേം ഭയക്കുന്നു,  അവളെ പോലുള്ള പശുക്കള്‍ക്ക് അവരുടെ രക്ഷാകര്‍ത്താക്കളെ ഭയക്കേണ്ടി വരും...എനിക്കാരെയും ഭയക്കേണ്ട ഞാന്‍ അലഞ്ഞു തിരയുന്ന കാളയല്ലേ....

              ന്താ അമ്മിണിക്കുട്ട്യെ നിങ്ങളെ വളര്‍ത്തുന്നോര്‍ക്കെല്ലാം ഇങ്ങനെ പഴഞ്ചന്‍ പേരുകളായി പോയത്? ഒരു 'ഡോണ മയൂരയോ' ഒരു 'റൈനിയോ' ഒക്കെ നിന്നെ എപ്പോഴാ വളര്‍ത്തുക? അങ്ങനെ അവള്‍ക്കു മുന്നില്‍ വലിയൊരു അസ്ഥിത്വപ്രശ്നമിട്ടു കൊടുത്താലും അവള്‍ നിശബ്ദയായിരിക്കും. ചിലപ്പോ ഒന്നും മനസ്സിലായി കാണില്ല പാവം!ബന്ധനസ്ഥയാണെങ്കിലും പുല്ലും പുഷ്ടിയൊക്കെ കിട്ടുന്നുണ്ടല്ലോ ചിലപ്പോള്‍ അതാവാം?


              മാഷെ, അല്ല നിങ്ങളെ അങ്ങനെ വിളിക്കാമോ? എനിക്കറിയാം ഇങ്ങള് മാഷോന്നും അല്ലാന്നു...വൈദ്യരല്ലേ?...... മിനിഞ്ഞാന്ന് അപ്പുറത്ത് പറമ്പിന്നു കറുകയോ മറ്റോ പറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്......എനിക്ക് ഇങ്ങള് മാഷ്‌ തന്ന്യാ......നിങ്ങളുടെ ആള്‍ക്കാര്‍ക്കിടയില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്നണ്ടല്ലോ? ഇവിടെയും ഹത്യകള്‍ അവസരമുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടികളുടെ സ്ഥാനത്ത് ഞങ്ങള്‍ ആണ്‍കുട്ടികള്‍ വധിക്കപ്പെടുമായിരുന്നു...... ഞങ്ങളുടെ ആണ്‍ഭ്രൂണങ്ങളും നിങ്ങളുടെ പെണ്‍ഭ്രൂണങ്ങളും എവിടെവെച്ചെങ്കിലും കണ്ടു മുട്ടിയാല്‍ കരയുക തീര്‍ച്ചയായും ഒരു പോലെയാകും.


            "വേദനകള്‍ കുഴിച്ചുമൂടാനുള്ളതല്ല അത് വേദനിച്ചു തന്നെ തീര്‍ക്കണം" ഒരു ചങ്ങാതി പണ്ട് പറഞ്ഞാതാണ്..ഞങ്ങളുടെ വിധി.,...വേനല്‍ ചൂടില്‍ സൂര്യരശ്മികള്‍ താണ്ഡവനടനമാടുകയാണ്. കത്തുന്ന വയറില്‍ വിശപ്പിന്‍റെ കനവും പേറി ഈ പകലിനെ നേരിടണം ...രാത്രികള്‍ എനിക്ക് ഇഷ്ടമാണ് ഒരു പാട് സ്വപ്നങ്ങള്‍ കാണാറുണ്ട്‌., അനാഥത്വം എന്‍റെ സ്വപ്നങ്ങളെ വേട്ടയാടാറില്ല അതെന്‍റെ അനിവാര്യതയാണ്.


            നിലാവും നിശബ്ദതയും കാമുകികാമുകന്‍ മാരത്രേ?..അവരൊന്നിച്ച ആ ദിവസമാണ് ഞാന്‍ തിരിച്ചറിഞ്ഞത് എനിക്ക് അമ്മിണിക്കുട്ടിയോട് കലശലായ പ്രേമമാണ്...അവളുടെ വെളുത്ത നിറം .....കണ്ണുകള്‍ക്കിടയിലെ പൊട്ടു പോലുള്ള കറുത്ത പുള്ളി എത്ര നേരം നോക്കിയിരുന്നാലും മതി വരില്ല. സഹവാസിയോട്  ഈ കാര്യം അവതരിച്ചപ്പോള്‍ അവന്‍ പറയുകയാണ് "കാളകള്‍ പശുക്കളെ പ്രണയിക്കാറില്ല, അത്  നിഷിദ്ധമാണ് വേണമെങ്കില്‍ ഭോഗിക്കാം ഒരു തരം മനുഷ്യന്‍മാര്‍ പറയുന്ന ഗന്ധര്‍വ്വന്‍ മാരെ പോലെ ,പ്രണയമാണ് അവരുടെ ആയുധം നമുക്കുള്ളത് കരുത്തും സ്വാതന്ത്ര്യവും.,.... അവനറിയാവുന്ന പൂര്‍വികരുടെ അടങ്ങാത്ത കാമത്തിന്‍റെയും കീഴ്പ്പെടുത്തലുകളുടെയും വീരസാഹസിക കഥകള്‍.


            വനോടു വല്ലാത്ത ഈര്‍ഷ്യ തോന്നി പ്രണയം കാമമല്ലെന്നും മറ്റൊരു വികാരമാണെന്നും അതില്‍ സ്നേഹമുണ്ടെന്നും സൌഹൃദമുണ്ടെന്നും പറഞ്ഞു നോക്കി...എന്തു കാര്യം അവന്‍ പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ്... ഗന്ധര്‍വ്വന്‍ മാരെ പോലെ നടന്ന പൂര്‍വ്വികര്‍ എന്തു നേടി, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന മനുഷ്യന്‍റെ ആതിഥ്യമരുളി അച്ഛനെയറിയാത്ത കുറെ സന്താനപരമ്പരകളെ സൃഷ്ടിച്ചു.. 

ബന്ധങ്ങള്‍ ബന്ധനങ്ങള്‍.....,....

            നിസ്സഹായായവരുടെ വിചാരവും വിലാപവുമെല്ലാം തൊഴുത്തിലെ കയറില്‍ കുടുങ്ങി കിടക്കുകയായിരിന്നു അപ്പോഴും...            സ്ത്രീകള്‍ പ്രസവിക്കാനുള്ള യന്ത്രങ്ങളും പുരുഷന്‍മാര്‍ ഉപയോഗശൂന്യരാണെന്നുമുള്ള നിഗമനത്തിലെത്തിയ മനസ്സ് മരവിച്ച ശാസ്ത്രകാരന്‍മാരുടെ  പരീക്ഷണങ്ങള്‍....,... ഞങ്ങളുടെ പ്രണയങ്ങളെ നിഷേധിച്ചവര്‍ തന്നെ രണ്ടു മിനുട്ടും സിറിഞ്ചുമുപയോഗിച്ചു ഞങ്ങളുടെ ലൈംഗികതയെ പൊളിച്ചെഴുതി..അവര്‍ക്കത് വിപ്ലവവും ഞങ്ങള്‍ക്കത് വികാരങ്ങളുടെ മരണവുമായിരുന്നു.                 ഞാന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.     അമ്മിണിക്കുട്ടിയോടെനിക്ക് പറയണം നിന്നെ ഞാന്‍ സ്നേഹിക്കുന്നു , പാടങ്ങളിലൂടെയും റോഡുകളിലൂടെയും ഞങ്ങള്‍ക്ക് ഒരു ദിവസമെങ്കിലും പ്രണയിച്ചു നടക്കണം. നമുക്ക് വിലക്കപ്പെട്ടത് നമുക്ക് അനുഭവിക്കണം. കോട്ടയിലപ്പന്‍റെ മുന്നില്‍ നിന്നു പറയണം ഇവളെന്‍റെ പെണ്ണാണ്...


            വരറിഞ്ഞാല്‍ എന്നെ കൊന്നു കളഞ്ഞേക്കാം... ആ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു, പ്രണയത്തിന്‍റെ രക്തസാക്ഷിയാവണമെനിക്ക് ഗന്ധര്‍വ്വ പൂര്‍വ്വികന്മാരുടെ മനംമടിപ്പിക്കുന്ന കഥകളില്‍ നിന്നും വരും തലമുറക്കെങ്കിലും മോചനം വേണം....
     
           കാലുകളിലെ ഊര്‍ജ്ജം എന്നെ നടക്കാനനുവദിച്ചില്ല. ഞാന്‍ ഓടുകയാണ് പപ്പന്‍റെ പച്ചക്കറികടയും അമ്പലത്തറയുമെല്ലാം നൊടിനേരം കൊണ്ട് ഞാന്‍ പിന്നിട്ടു. നാരായണേട്ടന്‍റെ വീട് അത് മാത്രമായിരുന്നു ലക്ഷ്യം. തൊഴുത്തില്‍ അവളെ കാണുന്നില്ല, ഹജ്ജുമ്മയുടെ പറമ്പിലുണ്ടാകും.....ഇല്ല അവിടെയും ഇല്ല...എവിടെ പോയി ഇവള്‍?.... തിരിച്ചു വീടിന്‍റെ തെക്കെ പറമ്പിലൂടെ നടക്കുമ്പോഴാണ് അവിടെ എന്തോ കുഴിച്ചിരിക്കുന്നത് കണ്ടത്.....തൊട്ടടുത്തു അമ്മിണിക്കുട്ടിയുടെ കയറും  ജീവിതകാലം മുഴുവന്‍ അവളെ ബന്ധനസ്ഥയാക്കിയ കയര്‍.....,.... അവള്‍ മോചിതയായിരിക്കുന്നു തനിച്ചു..... ഈ ലോകത്തിനി അവളില്ല... ഇനിയെന്‍റെ ആത്മാവും........ ഇത് മാഷ്‌ക്കുള്ള എഴുത്താണ്....ആത്മാവിന്‍റെ എഴുത്ത്....

          കെ ക്ഷീണിതനായ അയാള്‍ കത്തു വായിച്ച കഴിഞ്ഞ ഉടനെ തന്നെ അത്താഴം പോലും കഴിക്കാതെ നേരെ മുറിയിലേക്ക് പോയി,അതു പതിവുള്ളതിനാല്‍  ഭാര്യ  പണിയെല്ലാം തീര്‍ത്തു കുളിയും കഴിഞ്ഞു താഴെ വന്നു കിടന്നു .....അയാള്‍ പതുക്കെ എഴുന്നേറ്റു ഒരു കൊച്ചുകുട്ടിയെ പോലെ അവളെ കോരിയെടുത്ത് കട്ടിലില്‍ കിടത്തി...... തോര്‍ത്തിയിട്ടും നെറ്റിയില്‍ ഒളിച്ചിരുന്ന വെള്ളതുള്ളികളുടെ മുകളില്‍ ചുണ്ടുകള്‍ പതിയെ പതുപ്പിച്ചു,,,അവള്‍ക്കൊരു സ്വപ്നമായിരുന്നു....അയാള്‍ക്കൊരു തിരിച്ചറിവും.......

             

Friday 15 February 2013

കുട്ടന്‍ കണ്ട ബിനാലെ.....

           ഇഞ്ഞ് ഇണ്ടെങ്കില്‍ ഏതു പാതാളത്തിലും വരാമെന്നു പറഞ്ഞ പഹയന്മാരെല്ലാം 'ബിനാലെ' എന്ന് കേട്ടതോടെ കാലുവാരി. കൊറെയെണ്ണം അയിനെപറ്റിയൊന്നും കേട്ടിക്കില്ല.. കേട്ടോരാണെങ്കില്‍ അത് ഇമ്മക്ക് പറ്റ്യ പണില്ലാന്നുള്ള അഭിപ്രായക്കാരും (കോമു മോനെ നീ സര്‍ക്കാരിനെക്കൊണ്ടു  കോടികള്‍ മുടക്കിയത് വെറുതെയായല്ലോ?)

         ബിനാലെയെപറ്റി ഒരു ഗമണ്ടന്‍ ക്ലാസ്സു കൊടുത്തെങ്കിലും 'ആലി നാദാപുരത്തു പോയപോലെയാകും ഇഞ്ഞവിടെ    പോയാലെന്ന്‍ പറഞ്ഞു അവന്മാര് ചങ്കിനിട്ടൊന്നു കുത്തുകയും ചെയ്തു.
             എന്നാ പിന്നെ പോയിട്ട് തന്നെ കാര്യംന്ന് ഞാനും നിരീച്ചു... സന്തോഷേട്ടന്‍റെ ബ്യൂട്ടിപാര്‍ലറില്‍ നിന്നു ഒരു ബുള്‍ഗാനും വെച്ച് പെട്ടീന്‍റെ അടിയില്‍ കിടന്ന ജുബ്ബയും സഞ്ചിയിലാക്കി ഞാന്‍ പുറപ്പെട്ടു.കൊച്ചിനഗരത്തില്‍ ദര്‍ബാര്‍ഹാളില്‍      ബിനാലെയുണ്ടെന്നുഗൂഗിള്‍മാമന്‍ പറഞ്ഞതനുസരിച്ച് കുറച്ചു കറങ്ങി.വഴിയിലൊരിടത്തും ബോര്‍ഡ്‌ വക്കാത്ത ലവന്മാരെ രണ്ടു തെറിയും പറഞ്ഞു.തീവ്ര ഇടതന്മാരുടെ പ്രതിഷേധ കുറിപ്പുകളാണ് എനിക്ക് പിന്നെ വഴികാട്ടിയായത്.(ഓല് പറയുന്നൊക്കെ ഉള്ളതാണോ എന്ന് പിന്നെ നോക്കാം)
                കുറേനേരം പുറത്തെ ബോര്‍ഡ്‌ നോക്കി നിന്നപ്പോഴാണ് ഇയിന്‍റെ ബാക്കി തീര്‍ത്തും ഫോര്‍ട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലുമാണെന്ന് മനസ്സിലായത്‌.. . . അയിമ്പത് ഉറുപ്പികയും കൊടുത്തു ഹാളിനുള്ളിലേക്ക് കയറിയപ്പോള്‍ സ്വാഗതം ചെയ്തത് 'നഗനനായ പുരുഷന്‍റെ' ശില്പമായിരുന്നു .ശില്പങ്ങളുടെ നഗ്നതെയെപറ്റിയുള്ള ചര്‍ച്ചയില്‍ ഇവന്മാര്‍ക്കൊക്കെ സ്ത്രീ നഗ്നതയെപറ്റി മാത്രമേ ബോധമുള്ളൂ എന്ന് ചോദിച്ച കൂട്ടുകാരിയെ കാണിക്കാന്‍ ഒരു ഫോട്ടോ ഞാനിങ്ങെടുത്തു.മലയാളിയായ കൃഷ്ണകുമാറിന്‍റെയാണെന്ന് സൃഷ്ടിയെന്ന് തോന്നുന്നു
നഗ്നനായ മനുഷ്യന്‍
                കണ്ട വഴിയെ മുകളിലേക്ക് കയറിയപ്പോഴാണ്‌       പാരീസുകാരനായ ഗല്ലാര്‍ഡിന്‍റെ 'ഗ്രീന്‍ സിറ്റി സീരിസ്' കണ്ടത് വായിച്ചിട്ടും കണ്ടിട്ടും ഒന്നും മനസ്സിലാകാത്തിതിനാല്‍ 'ഇത് നമ്മുടെ ബിനാലെയെന്നു' ഇംഗ്ലീഷില്‍ എഴുതിയ ടീ ഷര്‍ട്ടിട്ട പുള്ളികാരനോട് അശേഷം ഗൌരവം വിടാതെ ഇതിനെ പറ്റി ഞാന്‍ അന്വേക്ഷിച്ചു.നോട്ടം കണ്ടു അയാള്‍ക്കൊന്നും മനസ്സിലായില്ലെന്ന് തോന്നിയതിനാല്‍ തപ്പി പിടിച്ച ഇംഗ്ലീഷിലും ഞാന്‍ ചോദിച്ചു.'മുജേ കുച്ച് പതാ നഹി സര്‍' ..അമ്പട പുളുസൂ അതാണ്‌ കാര്യം അവനവിടെ ദിവസകൂലിക്ക് പണിക്ക് വന്ന ബീഹാറുകാരനാണ്.കലാകാരന്‍മാരെ മാത്രമല്ല അതിനു കാവല്‍ നില്‍ക്കുന്നവരെയും പുറത്തു നിന്നു ഇറക്കേണ്ടി വന്നോ അവര്‍ക്ക്?
               
                ശോശേച്ചിയുടെ(SosaJoseph) 'what are we' എന്ന   കാന്‍വാസും കണ്ടു ദര്‍ബാര്‍ ഹാളില്‍ നിന്നും പുറത്തിറങ്ങി.
                ഫോര്‍ട്ട്‌ കൊച്ചിയില്‍ ബസ്സിറങ്ങി ഒരു സര്‍ബ്ബത്തും കുടിച്ചു നേരെ വിട്ടത് ആസ്പിന്‍ ഹാളിലേക്കായിരുന്നു.
അവിടെ ആദ്യം കണ്ടത് ജസ്റ്റിന്‍ പൊന്മണിയുടെ 'ഡന്‍ ആന്‍ഡ്‌ dustad' എന്ന വീഡിയോ ഇന്‍സ്ടലെഷനായിരുന്നു 'നമ്മള്‍ ആരാണ്? എവിടെ നിന്നു വരുന്നു എന്നുള്ള ചോദ്യങ്ങള്‍ മിക്കവരിലും മാനസിക അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു അത് കണ്ട എന്നിലും എന്നെ പോലുള്ളവരിലും ഇത് എന്ത് എന്ന ചോദ്യമാവും മാനസിക അസ്വസ്ഥത സൃഷ്ടിച്ചത്.
             Wrangal Mutu എന്ന കെനിയക്കാരിയുടെ 'dutty water സ്ത്രീയുടെ ആകുലതകളുടെ പുനസൃഷ്ടിയാകുന്നു.dirty എന്ന വാക്ക് സര്‍വ്വ സാധാരണമാകുമ്പോള്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ സൃഷ്ടിക്ക് പ്രേരണയാകുന്നു.
dutty water
             ഇമ്മളെ ചെയുടെയും ശ്രീനാരയണന്‍റെയും ഫോട്ടോ കണ്ടിട്ടാണ് അങ്ങോട്ടൊന്ന് നോക്കിയത് അപ്പോഴതാ അവരിലോക്കെ വേറൊരുത്തന്‍ ഒളിഞ്ഞു നില്‍ക്കുന്നു 'between one shore and several others' എന്ന പേരില്‍' ഒരു ബംഗ്ലൂര്കാരന്‍റെ കരവിരുത്
             തിരോന്തരംകാരന്‍ സുമേഷിന്‍റെ കാലുകളുടെ പകുതിയും തലതിരിഞ്ഞ ഫര്‍ണ്ണിച്ചറുകളും എന്നെ ഓര്‍മ്മിപ്പിച്ചത് മുകുന്ദന്‍റെ 'ഡല്‍ഹിഗാഥ'യിലെ ചിത്രകാരന്‍ വാസുവണ്ണനെയായിരുന്നു.             മായ അരുള്‍ പ്രാസമെന്ന തമിള്‍ നാട്ടുകാരിയുടെ പേരിടാത്ത 'lenticular prints and holographic sticker'പ്രദര്‍ശനം ചെറിയ കുട്ടികള്‍ മുതല്‍ മുതിരന്നവരെ ആകര്‍ഷിക്കുന്നത് അതിലെ പത്തു കളറുകള്‍ തരുന്ന 3d effect തന്നെയാണ്.


           
            പാക്കിസ്ഥാന്‍കാരനും മോശമാക്കിയില്ല റഷീദ്‌റാണ നാട്ടില്‍ കിട്ടാവുന്ന സ്റ്റിക്കറൊക്കെയെടുത്തു വച്ചുണ്ടാകിയ language series ഉം അത്യാവശ്യം രസമുള്ളത് തന്നെ.അതിന്‍റെ അര്‍ഥതലങ്ങള്‍ മനസ്സിലായില്ലെങ്കിലും.

              കൊച്ചിയുടെ മനസ്സറിഞ്ഞു ഒന്നൊരുക്കാന്‍ ഒരു സ്കോട്ട്‌ലന്‍ഡ്കാരന്‍ തന്നെ വേണ്ടി വന്നു! ഡലന്‍ മാര്‍ട്ടോറല്‍,. അദ്ദേഹമൊരുക്കിയ കുഞ്ഞു മുറികള്‍ അതിലുണ്ടായിരുന്ന ചെറിയ സംഗീതോപകരണങ്ങള്‍,കൃഷ്ണ വിഗ്രഹം.സുഗന്ധവ്യഞ്ജനശബ്ദസംവിധാനം ഉലുവ ഇഞ്ചി,മഞ്ഞള്‍,കരുകപട്ട എന്നിവ ഉപയോഗിച്ചുള്ളതാണ്.സുഗന്ധവും ശബ്ദവും ഒരുമിച്ചു ചേരുന്ന നല്ല ഒരു അനുഭവം.
              

ബാക്കി ബിനാലെ വിശേഷങ്ങള്‍ പുറകെ                  

                      (തുടരും)