ജാലകം

ജാലകം

Wednesday, 20 February 2013

വിലക്കപ്പെട്ടവര്‍.........,......

           


            സഞ്ചരിക്കുന്ന വഴികളിലെ ഇരുട്ടിന്‍റെ സാന്ദ്രത തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ലെന്നമട്ടില്‍ എളുപ്പത്തിലായിരുന്നു അയാളുടെ മുന്നോട്ടുള്ള യാത്ര. ചെറിയ നഗരത്തില്‍ നിന്നും വലിയ നഗരത്തിലേക്കുള്ള വളര്‍ച്ചയില്‍ വടകരയ്ക്ക് പുതിയ അധിപന്‍മാരുണ്ടായപ്പോഴും ആരൊക്കെയോ മറന്നു വെച്ച ഈ കുടുസ്സു വഴിയോര്‍ത്ത് അയാള്‍ പലപ്പോഴും അത്ഭുതപെടാറുണ്ടായിരുന്നു. തന്‍റെ കടയില്‍ നിന്നും ബസ്സ്‌സ്റ്റാന്‍ഡിലെത്താന്‍ ദൂരം കൂടുതലുണ്ടായിരുന്നിട്ടും  ഈ വഴി തന്നെയാണ് അയാള്‍ എന്നും  യാത്രക്ക് തിരഞ്ഞെടുക്കാറ്.
          

               കോടതിയുടെ മുന്നിലായിട്ടായിരുന്നു അയാളുടെ ആയുര്‍വേദ മരുന്നുകട. ഇടതും വലതും വശങ്ങളില്‍ വസ്ത്രങ്ങളുടെ പുതിയ സൌധങ്ങള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ വെള്ളയില്‍ പച്ച മഷിയില്‍ എഴുതിയിരുന്ന നരച്ച  കടയുടെ ബോര്‍ഡ്‌ മാത്രമല്ല കട തന്നെ ഞെരുങ്ങിയതായി തോന്നി. പാരമ്പര്യത്തിലുള്ള കടത്തനാട്ടുകാരുടെ വിശ്വാസമാകണം അയാളുടെ കടയുടെ നിലനില്‍പ്പിന് കാരണം. പലരുടെയും വൈദ്യരെന്ന അഭിസംബോധന വൈദ്യരല്ലാഞ്ഞിട്ടും അയാളില്‍ അഭിമാനബോധമോ അപകര്‍ഷതയോ ഒന്നും സൃഷ്ടിക്കാറില്ല... മാറ്റത്തോട് വല്ലാത്തൊരു വിമുഖതയാണയാള്‍ക്ക്, ചിരിയില്‍ നിന്നും ദേഷ്യത്തിലെക്കോ മറ്റേതെങ്കിലും ഭാവത്തിലെക്കോ മാറാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. കൂടപിറപ്പായ നിസംഗത വലിയ വ്യത്യാസമൊന്നുമില്ലാതെ കൊണ്ടുനടക്കാന്‍  ശ്രമിക്കുന്നു. അയാള്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കു പോലും വേഗത വളരെ കുറവാണ്, ദിവസേനയുള്ള യാത്രയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിലിറങ്ങുകയും അവിടെ നിന്നു രണ്ടര കിലോമീറ്ററുകള്‍ നടന്നു കൊപ്പരക്കണ്ടത്തില്‍ എത്തുകയും ചെയ്യുന്ന ശീലത്തില്‍ ചെറിയൊരു മാറ്റം വരുത്തിയത് ഇപ്പോഴാണ് വിരളമായി ഒന്നു ജീപ്പ് സര്‍വീസില്‍  കയറും അത്ര മാത്രം. 
                


           നരച്ചു തുടങ്ങിയ ബാഗ് ചുമലിലിട്ടു കൈകള്‍ വീശിയുള്ള അയാളുടെ നടത്തം ഒരു തലമുറയുടെ സമയസൂചികയായിരുന്നു. കാലത്തിന്‍റെ നടത്തില്‍ സ്വന്തം സമയം മറന്നവര്‍ ഈ മനുഷ്യന്‍റെ സമയവും പതുക്കെ മറന്നിരിക്കുന്നു. നിശബ്ദത യുടെ സഹാചാരിയായിരുന്നവന്‍ നാട്ടിലെന്നും ഒരു കാണിയായിരുന്നു. നാലാള്‍ കൂടുന്നിടത്തെ അച്ചടക്കമുള്ള ശ്രോതാവ്‌. ആ നിശബ്ദത വീട്ടിലേക്കു കൂടി പരന്നതോടു കൂടിയാണ് സഹധര്‍മ്മിണി പശു വളര്‍ത്തിലേക്കും കുടുംബശ്രീയിലേക്കും തന്‍റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ചത്. 

                   കഴിഞ്ഞ കുറെ വര്‍ഷത്തെ ആഴ്ചപതിപ്പുകളെ ലക്കങ്ങളുടെ അവരോഹണ ക്രമത്തില്‍ അടുക്കി വെക്കുന്ന ഭാരിച്ച ജോലി ചെയ്തുകൊണ്ടിരിക്കുകയായതിനാല്‍ മുറ്റത്ത് നില്‍ക്കുന്ന പോസ്റ്റ്‌മാനെ അയാള്‍ക്ക് ആദ്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പോളിസിലെറ്ററുകളും ബാങ്ക് നോട്ടീസുകളും മാത്രം കൈകാര്യം ചെയ്തു ശീലിച്ചിരുന്ന പോസ്റ്റ്മാന്‍ അയാള്‍ക്ക് ആ കത്ത് അത്യാഹ്ലാദത്തോടെടെയാണ് നല്‍കിയത്, എന്നാല്‍ അയാള്‍ അതു മേശയുടെ മുകളില്‍ വെച്ച് തന്‍റെ ജോലിയില്‍ വ്യാപൃതനാകുകയാണ് ചെയ്തത്. രാത്രിയിലാണ് ആ കത്തിന്‍റെ ഓര്‍മ്മ തന്നെ അയാള്‍ക്ക്‌ വന്നത്.


പ്രിയപ്പെട്ട മാഷെ,

             തെന്‍റെ മാത്രം കഥയല്ല,ഞങ്ങളുടെ ജീവിതമാണ്.
"വെറുതെയൊന്നു ഈ വഴിക്ക് നടക്കാനിറങ്ങിയത് നന്നായി ഹജ്ജുമ്മയുടെ പറമ്പില്‍ അമ്മിണികുട്ടിയുണ്ട്എന്തെങ്കിലും വര്‍ത്താനം പറഞ്ഞിരിക്കാം, പക്ഷെ അവള്‍ക്കു പേടിയാണ് "ഇപ്പൊ പോനാരാണെട്ടന്‍ വരും ജാനകിയമ്മ വരും" അവള്‍ എല്ലാരേം ഭയക്കുന്നു,  അവളെ പോലുള്ള പശുക്കള്‍ക്ക് അവരുടെ രക്ഷാകര്‍ത്താക്കളെ ഭയക്കേണ്ടി വരും...എനിക്കാരെയും ഭയക്കേണ്ട ഞാന്‍ അലഞ്ഞു തിരയുന്ന കാളയല്ലേ....

              ന്താ അമ്മിണിക്കുട്ട്യെ നിങ്ങളെ വളര്‍ത്തുന്നോര്‍ക്കെല്ലാം ഇങ്ങനെ പഴഞ്ചന്‍ പേരുകളായി പോയത്? ഒരു 'ഡോണ മയൂരയോ' ഒരു 'റൈനിയോ' ഒക്കെ നിന്നെ എപ്പോഴാ വളര്‍ത്തുക? അങ്ങനെ അവള്‍ക്കു മുന്നില്‍ വലിയൊരു അസ്ഥിത്വപ്രശ്നമിട്ടു കൊടുത്താലും അവള്‍ നിശബ്ദയായിരിക്കും. ചിലപ്പോ ഒന്നും മനസ്സിലായി കാണില്ല പാവം!ബന്ധനസ്ഥയാണെങ്കിലും പുല്ലും പുഷ്ടിയൊക്കെ കിട്ടുന്നുണ്ടല്ലോ ചിലപ്പോള്‍ അതാവാം?


              മാഷെ, അല്ല നിങ്ങളെ അങ്ങനെ വിളിക്കാമോ? എനിക്കറിയാം ഇങ്ങള് മാഷോന്നും അല്ലാന്നു...വൈദ്യരല്ലേ?...... മിനിഞ്ഞാന്ന് അപ്പുറത്ത് പറമ്പിന്നു കറുകയോ മറ്റോ പറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്......എനിക്ക് ഇങ്ങള് മാഷ്‌ തന്ന്യാ......നിങ്ങളുടെ ആള്‍ക്കാര്‍ക്കിടയില്‍ പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്നണ്ടല്ലോ? ഇവിടെയും ഹത്യകള്‍ അവസരമുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടികളുടെ സ്ഥാനത്ത് ഞങ്ങള്‍ ആണ്‍കുട്ടികള്‍ വധിക്കപ്പെടുമായിരുന്നു...... ഞങ്ങളുടെ ആണ്‍ഭ്രൂണങ്ങളും നിങ്ങളുടെ പെണ്‍ഭ്രൂണങ്ങളും എവിടെവെച്ചെങ്കിലും കണ്ടു മുട്ടിയാല്‍ കരയുക തീര്‍ച്ചയായും ഒരു പോലെയാകും.


            "വേദനകള്‍ കുഴിച്ചുമൂടാനുള്ളതല്ല അത് വേദനിച്ചു തന്നെ തീര്‍ക്കണം" ഒരു ചങ്ങാതി പണ്ട് പറഞ്ഞാതാണ്..ഞങ്ങളുടെ വിധി.,...വേനല്‍ ചൂടില്‍ സൂര്യരശ്മികള്‍ താണ്ഡവനടനമാടുകയാണ്. കത്തുന്ന വയറില്‍ വിശപ്പിന്‍റെ കനവും പേറി ഈ പകലിനെ നേരിടണം ...രാത്രികള്‍ എനിക്ക് ഇഷ്ടമാണ് ഒരു പാട് സ്വപ്നങ്ങള്‍ കാണാറുണ്ട്‌., അനാഥത്വം എന്‍റെ സ്വപ്നങ്ങളെ വേട്ടയാടാറില്ല അതെന്‍റെ അനിവാര്യതയാണ്.


            നിലാവും നിശബ്ദതയും കാമുകികാമുകന്‍ മാരത്രേ?..അവരൊന്നിച്ച ആ ദിവസമാണ് ഞാന്‍ തിരിച്ചറിഞ്ഞത് എനിക്ക് അമ്മിണിക്കുട്ടിയോട് കലശലായ പ്രേമമാണ്...അവളുടെ വെളുത്ത നിറം .....കണ്ണുകള്‍ക്കിടയിലെ പൊട്ടു പോലുള്ള കറുത്ത പുള്ളി എത്ര നേരം നോക്കിയിരുന്നാലും മതി വരില്ല. സഹവാസിയോട്  ഈ കാര്യം അവതരിച്ചപ്പോള്‍ അവന്‍ പറയുകയാണ് "കാളകള്‍ പശുക്കളെ പ്രണയിക്കാറില്ല, അത്  നിഷിദ്ധമാണ് വേണമെങ്കില്‍ ഭോഗിക്കാം ഒരു തരം മനുഷ്യന്‍മാര്‍ പറയുന്ന ഗന്ധര്‍വ്വന്‍ മാരെ പോലെ ,പ്രണയമാണ് അവരുടെ ആയുധം നമുക്കുള്ളത് കരുത്തും സ്വാതന്ത്ര്യവും.,.... അവനറിയാവുന്ന പൂര്‍വികരുടെ അടങ്ങാത്ത കാമത്തിന്‍റെയും കീഴ്പ്പെടുത്തലുകളുടെയും വീരസാഹസിക കഥകള്‍.


            വനോടു വല്ലാത്ത ഈര്‍ഷ്യ തോന്നി പ്രണയം കാമമല്ലെന്നും മറ്റൊരു വികാരമാണെന്നും അതില്‍ സ്നേഹമുണ്ടെന്നും സൌഹൃദമുണ്ടെന്നും പറഞ്ഞു നോക്കി...എന്തു കാര്യം അവന്‍ പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ്... ഗന്ധര്‍വ്വന്‍ മാരെ പോലെ നടന്ന പൂര്‍വ്വികര്‍ എന്തു നേടി, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന മനുഷ്യന്‍റെ ആതിഥ്യമരുളി അച്ഛനെയറിയാത്ത കുറെ സന്താനപരമ്പരകളെ സൃഷ്ടിച്ചു.. 

ബന്ധങ്ങള്‍ ബന്ധനങ്ങള്‍.....,....

            നിസ്സഹായായവരുടെ വിചാരവും വിലാപവുമെല്ലാം തൊഴുത്തിലെ കയറില്‍ കുടുങ്ങി കിടക്കുകയായിരിന്നു അപ്പോഴും...



            സ്ത്രീകള്‍ പ്രസവിക്കാനുള്ള യന്ത്രങ്ങളും പുരുഷന്‍മാര്‍ ഉപയോഗശൂന്യരാണെന്നുമുള്ള നിഗമനത്തിലെത്തിയ മനസ്സ് മരവിച്ച ശാസ്ത്രകാരന്‍മാരുടെ  പരീക്ഷണങ്ങള്‍....,... ഞങ്ങളുടെ പ്രണയങ്ങളെ നിഷേധിച്ചവര്‍ തന്നെ രണ്ടു മിനുട്ടും സിറിഞ്ചുമുപയോഗിച്ചു ഞങ്ങളുടെ ലൈംഗികതയെ പൊളിച്ചെഴുതി..അവര്‍ക്കത് വിപ്ലവവും ഞങ്ങള്‍ക്കത് വികാരങ്ങളുടെ മരണവുമായിരുന്നു.



                 ഞാന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.     അമ്മിണിക്കുട്ടിയോടെനിക്ക് പറയണം നിന്നെ ഞാന്‍ സ്നേഹിക്കുന്നു , പാടങ്ങളിലൂടെയും റോഡുകളിലൂടെയും ഞങ്ങള്‍ക്ക് ഒരു ദിവസമെങ്കിലും പ്രണയിച്ചു നടക്കണം. നമുക്ക് വിലക്കപ്പെട്ടത് നമുക്ക് അനുഭവിക്കണം. കോട്ടയിലപ്പന്‍റെ മുന്നില്‍ നിന്നു പറയണം ഇവളെന്‍റെ പെണ്ണാണ്...


            വരറിഞ്ഞാല്‍ എന്നെ കൊന്നു കളഞ്ഞേക്കാം... ആ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു, പ്രണയത്തിന്‍റെ രക്തസാക്ഷിയാവണമെനിക്ക് ഗന്ധര്‍വ്വ പൂര്‍വ്വികന്മാരുടെ മനംമടിപ്പിക്കുന്ന കഥകളില്‍ നിന്നും വരും തലമുറക്കെങ്കിലും മോചനം വേണം....
     
           കാലുകളിലെ ഊര്‍ജ്ജം എന്നെ നടക്കാനനുവദിച്ചില്ല. ഞാന്‍ ഓടുകയാണ് പപ്പന്‍റെ പച്ചക്കറികടയും അമ്പലത്തറയുമെല്ലാം നൊടിനേരം കൊണ്ട് ഞാന്‍ പിന്നിട്ടു. നാരായണേട്ടന്‍റെ വീട് അത് മാത്രമായിരുന്നു ലക്ഷ്യം. തൊഴുത്തില്‍ അവളെ കാണുന്നില്ല, ഹജ്ജുമ്മയുടെ പറമ്പിലുണ്ടാകും.....ഇല്ല അവിടെയും ഇല്ല...എവിടെ പോയി ഇവള്‍?.... തിരിച്ചു വീടിന്‍റെ തെക്കെ പറമ്പിലൂടെ നടക്കുമ്പോഴാണ് അവിടെ എന്തോ കുഴിച്ചിരിക്കുന്നത് കണ്ടത്.....തൊട്ടടുത്തു അമ്മിണിക്കുട്ടിയുടെ കയറും  ജീവിതകാലം മുഴുവന്‍ അവളെ ബന്ധനസ്ഥയാക്കിയ കയര്‍.....,.... അവള്‍ മോചിതയായിരിക്കുന്നു തനിച്ചു..... ഈ ലോകത്തിനി അവളില്ല... ഇനിയെന്‍റെ ആത്മാവും........ ഇത് മാഷ്‌ക്കുള്ള എഴുത്താണ്....ആത്മാവിന്‍റെ എഴുത്ത്....

          കെ ക്ഷീണിതനായ അയാള്‍ കത്തു വായിച്ച കഴിഞ്ഞ ഉടനെ തന്നെ അത്താഴം പോലും കഴിക്കാതെ നേരെ മുറിയിലേക്ക് പോയി,അതു പതിവുള്ളതിനാല്‍  ഭാര്യ  പണിയെല്ലാം തീര്‍ത്തു കുളിയും കഴിഞ്ഞു താഴെ വന്നു കിടന്നു .....അയാള്‍ പതുക്കെ എഴുന്നേറ്റു ഒരു കൊച്ചുകുട്ടിയെ പോലെ അവളെ കോരിയെടുത്ത് കട്ടിലില്‍ കിടത്തി...... തോര്‍ത്തിയിട്ടും നെറ്റിയില്‍ ഒളിച്ചിരുന്ന വെള്ളതുള്ളികളുടെ മുകളില്‍ ചുണ്ടുകള്‍ പതിയെ പതുപ്പിച്ചു,,,അവള്‍ക്കൊരു സ്വപ്നമായിരുന്നു....അയാള്‍ക്കൊരു തിരിച്ചറിവും.......

             

10 comments:

  1. നന്നായി എഴുതുന്നുണ്ട്,
    എഴുത്തിന്റെ രീതി ഇനിയും പല തലങ്ങളിലേക്ക് എഴുതാനുള്ള പ്രേരണ തന്നെ ഇതിൽ ഉണ്ട്....
    ആശംസകൾ

    ReplyDelete
    Replies
    1. നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ എഴുത്തിനു കൂടുതല്‍ ശക്തി തരട്ടെ.....

      Delete
  2. ഞങ്ങളുടെ പ്രണയങ്ങളെ നിഷേധിച്ചവര്‍ തന്നെ രണ്ടു മിനുട്ടും സിറിഞ്ചുമുപയോഗിച്ചു ഞങ്ങളുടെ ലൈംഗികതയെ പൊളിച്ചെഴുതി..അവര്‍ക്കത് വിപ്ലവവും ഞങ്ങള്‍ക്കത് വികാരങ്ങളുടെ മരണവുമായിരുന്നു.

    ഒരു കത്ത് വരുന്നതോടെ കഥ വളരെ ഉയര്‍ന്നു. പിന്നീടങ്ങോട്ട് നല്ലൊരു പൊരിച്ചിലായിരുന്നു. മനുഷ്യമനസ്സുകളും മൃഗങ്ങളുടെ മനസ്സുകളും തമ്മിലുള്ള ഒരു ഇഴികിച്ചേരല്‍ ഭംഗിയായി അവതരിപ്പിച്ചു.
    എനിക്ക് വളരെ ഇഷ്ടായി.

    ReplyDelete
    Replies
    1. ആ കത്ത് വരുന്നത് ശേഷമുള്ള കഥയാണ് ആദ്യമേ മനസ്സിലുണ്ടായിരുന്നത് ബാക്കി പിന്നെ എഴുതി കൂട്ടിയതാണ്..... വല്ലാത്ത മടിയാണ് ചിലപ്പോള്‍... എഴുതാന്‍........,. വായനക്ക് .ഒരു പാട് നന്ദി റാംജിയേട്ടാ.......

      Delete
  3. വായിച്ചു
    ആശംസകള്‍

    ReplyDelete
    Replies
    1. നല്ലൊരു വായനക്കാരന്‍ കൂടിയായ ചേട്ടന്‍റെ നിര്‍ദേശങ്ങള്‍ എന്‍റെ എഴുത്തിന് കൂടുതല്‍ സഹായകമാകുമെന്ന്‌ കരുതുന്നു.......

      Delete
  4. നല്ല കഥ, നല്ല ഭാഷ. ആശംസകള്‍.

    ReplyDelete